കോട്ടയം: രണ്ടുദിവസത്തെ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി. 9 വീടുകള്‍ ഭാഗീഗമായി തകര്‍ന്നു. മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി. താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതോടെ 413 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം 8, ചങ്ങനാശ്ശേരി 12, അയ്‌മനം 1 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ തുറന്നത്.
മലയോരമേഖലകളായ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കുമരകം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയതോടെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. മഴ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് സാധാരണ ജനവിഭാഗങ്ങളെയാണ്. കൂലിപ്പണിക്കാരായ ഇവര്‍ ജോലിക്ക് പോകുവാനാകാതെ ദാരിദ്ര്യത്തിലാണ്. മഴയെ തുടര്‍ന്ന് ജില്ലയില്‍ പനിയും വൈറല്‍ പനിയും പടര്‍ന്നു പിടിക്കുകയാണ്. ജില്ലയില്‍ പനിയും മഴയും മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ പല ഭാഗങ്ങളിലും വൈദ്യുതിബന്ധം താറുമാറായി കിടക്കുകയാണ്. കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തിപ്പെടുമെന്നും നദികളില്‍ ജലനിരപ്പ് ഉയരുമെന്നും കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കി. ജില്ലയില്‍ ജൂണ്‍ മുതല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 78 ശതമാനം കൂടുതല്‍ മഴ പെയ്തുവെന്നാണ് കണക്ക്.
















