ലണ്ടന്‍: ഇങ്ങനെവേണം അരങ്ങേറാന്‍, ഏതുരാജ്യത്തിന്റെ കുപ്പായത്തിലായാലും. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനു തുടക്കംകുറിച്ച ആഷ്ടണ്‍ അഗര്‍ ആരാധകഹൃദയങ്ങളിലേക്ക് ചുവടുവച്ചത് ലോക റെക്കോര്‍ഡിന്റെ തിളക്കത്തോടെ. തുടക്കക്കാരന്റെ യാതൊരു അങ്കലാപ്പുമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ പ്രഹരിച്ച അഗര്‍ 101 പന്തില്‍ പന്ത്രണ്ട് ബൗണ്ടറികളും രണ്ടു സിക്സറുകളുമടക്കം അടിച്ചെടുത്തത് 98 റണ്‍സ്. ആ പത്തൊമ്പതു കാരന്റെ വിസ്ഫോടന ബാറ്റിങ് ഒരു 11-ാം നമ്പറുകാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോറിനും ട്രന്റ് ബ്രിഡ്ജില്‍ പിറവി കൊടുത്തു. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരെ തന്നെ വെസ്റ്റിന്‍ഡീസിന്റെ ടിനോ ബെസ്റ്റ് കുറിച്ച 95 റണ്‍സിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ.
അഗര്‍ കളംനിറഞ്ഞപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 65 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമായി. ഫിലിപ്പ് ഹ്യൂസും (81 നോട്ടൗട്ട്, 9 ബൗണ്ടറികള്‍) ഓസീസിന്റെ രക്ഷക വേഷക്കാരില്‍ ഇടംനേടി. ഇംഗ്ലീഷ് നിരയില്‍ ജെയിംസ് ആന്ഡേഴ്സന് 5 വിക്കറ്റുകള്‍ വീഴ്ത്തി. അഗറിന്റെയും ഹ്യൂസിന്റെയും വീരോചിത പോരാട്ടങ്ങള്‍ ഓസീസിനെ അക്ഷരാര്‍ഥത്തില്‍ കരകയറ്റുകയായിരുന്നു. ഷെയ്ന് വാട്സന് (13), എഡ് കോവന് (0), ക്രിസ് റോജേഴ്സ് (16), ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (0) എന്നിവരെ ഒന്നാം ദിനം നഷ്ടപ്പെട്ട കംഗാരുക്കള്‍ 4ന് 75 എന്ന നിലയിലായിരുന്നു കളി തുടങ്ങിയത്.
പുതിയ ദിവസത്തിലും അവരുടെ ബാറ്റ്സ്മാന്മാര് പിടിപ്പു കേട് തുടര്‍ന്നു. ആന്‍ഡേഴ്സന്റെ മനോഹരമായ സ്വിങ് ബൗളിങ് അവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. സ്കോര്‍ 108ല്‍ നില്‍ക്കെ, അര്‍ധസെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തിനെ (53) മടക്കി ആന്ഡേഴ്സന്ഓസീസിന്റെ തകര്‍ച്ചയ്ക്കു തുടര്‍ച്ച നല്കി. ഏഴു ഫോറുകളും ഒരു സിക്സറും പറത്തിയശേഷം സ്മിത്തിന്റെ മടക്കം.
ബ്രാഡ് ഹാഡിന് (1), പീറ്റര്‍ സിഡില്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (0) ജയിംസ് പാറ്റിന്സന് (2) എന്നിവരെല്ലാം അതിവേഗം കൂടാരം പൂകുമ്പോള് ഓസ്ട്രേലിയ 9ന് 117 എന്ന നിലയിലേക്കു കൂപ്പുകുത്തി, 98 റണ്‍സുകള്‍ക്ക് പിന്നില്‍. അപ്പോഴും ഹ്യൂസ് ഒരു വശത്ത് നോക്കിനിന്നു. പക്ഷേ, അഗറിന്റെ വരവ് മത്സര ചിത്രം മാറ്റി. ഹ്യൂസിനെ കാഴ്ച്ചക്കാരനാക്കി അഗര്‍ തകര്‍ത്തടിച്ചു. അവസാന വിക്കറ്റില്‍ 128 പന്തുകളില്‍ നിന്ന് 112 റണ്‍സ് ഓസീസ് വാരി. പതിയെ കളി തുടങ്ങിയ അഗര്‍ ഇംഗ്ലണ്ടിന്റെ തന്ത്രപരമായ പിഴവുകളെ ആവോളം മുതലെടുത്തു. സ്റ്റീവന്‍ ഫിന്നിന്റെ ഷോര്‍ട്ട് ബോളുകള്‍ അഗറിനു നിസാരമായിരുന്നു. അടുത്തു പിച്ചുചെയ്ത പന്തുകള്‍ കവറിലൂടെ അതിര്‍ത്തി കടന്നു. ഫിന്നിന്റെ നാല് ഓവറില്‍ 32 റണ്‍സുകളാണ് ഓസീസ് സഖ്യം സ്വരുക്കൂട്ടിയത്.
ഈ സമയം പ്രതിരോധത്തിലൂന്നിയ ഹ്യൂസ് അഗറിനു പറ്റിയ കൂട്ടാളിയായി. ബൗണ്ടറിക്കരികിലേക്ക് ഫീല്‍ഡര്‍മാരെ ഇറക്കി കുക്ക് വെല്ലുവിളിച്ചപ്പോള്‍ അഗറിലെ ഊര്‍ജസ്വലനായ യുവാവ് പന്തിനെ തല്ലിയോടിച്ചുകൊണ്ടിരുന്നു. ഗ്രെയിം സ്വാന്റെ തലയ്ക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച ഷോട്ടുകള്‍ അഗറിന്റെ ഇന്നിങ്സിനു കൂടുതല്‍ ചാരുതയേകി.ഒടുവില്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ സ്വാന്റെ പിടിയിലമരുമ്പോള്‍ അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടതിന്റെ നേരിയ നിരാശയുമായി ഓസീസ് യുവതാരം കരകയറി.
ഇംഗ്ലണ്ടിനു വേണ്ടി ഫിന്നും സ്വാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി; ബ്രോഡ് ഒന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: