മരട്: നെട്ടൂരില്‍ രണ്ടുമാസം മുമ്പ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. മരട് നഗരസഭയിലെ 24-ാം ഡിവിഷനില്‍ 22 ലക്ഷം ചെലവാക്കി പണിത റോഡാണ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നത്. നെട്ടൂര്‍ തണ്ടാശ്ശേരി പ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ബാബുവിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് റോഡിനായി തുറമുഖ വകുപ്പ് പണം അനുവദിച്ചത്.
റോഡിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുനടന്നതായാണ് സംശയിക്കപ്പെടുന്നത്. ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്. മഴകനത്തതോടെ റോഡിന്റെ പലഭാഗത്തും വെള്ളം കെട്ടിക്കിടന്ന് ടാറിംഗ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നഗരസഭയില്‍ എംഎല്‍എ ഫണ്ടും, തുറമുഖ വകുപ്പിന്റെ ധനസഹായവും ഉപയോഗിച്ച് നിര്‍മ്മിച്ച പലറോഡുകളുടേയും അവസ്ഥ ഇതുതന്നെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനായി രുന്നു റോഡ് ടാറിംഗിന്റെ മേല്‍നോട്ടം. തുറമുഖ വകുപ്പിന്റെ പ്രത്യേകഫണ്ടാണ് റോഡുനിര്‍മ്മാണത്തിനായി അനുവദിച്ചത്. സ്വകാര്യകരാറുകാര്‍ നടത്തുന്ന റോഡ്, കാനനിര്മ്മാണത്തില് വ്യാപകമായ ക്രമക്കേടുനടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നെട്ടൂര്‍ തണ്ടാശ്ശേരി കോളനി ബൈപ്പാസ് റോഡിന്റെ നീളം 300 മീറ്റര്‍ മാത്രമാണ്. പരമാവധി 3 മീറ്റര്‍ മാത്രമാണ് വീതി. ഈ റോഡിന്റെ നിര്‍മ്മാണത്തിന് 22 ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയിരുന്നത്. റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമായാണെന്നും അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു. മഴക്കാലത്തിന് തൊട്ടുമുമ്പ് നിര്‍മ്മിച്ച പലറോഡുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഹാര്‍ബര്‍ എഞ്ചിനീയറിംഗിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും, പരിഹാരം ഉണ്ടാക്കുമെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: