കൊച്ചി: കൊച്ചിമെട്രോറെയില്‍ നിര്‍മ്മാണത്തിന്റെ അനുബന്ധമായി മുട്ടത്ത് റെയില്‍വേ പാതയ്ക്ക് അടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. മുട്ടത്തെ നിര്‍ദ്ദിഷ്ട മെട്രോയാര്ഡിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തുരങ്കപാത. ഇതിനായി റെയില്‍വേയുടെ അനുമതി ലഭിക്കുന്നതിനായി നടപടികളെടുക്കുവാന്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
മുട്ടം ബസ് സ്റ്റോപ്പിന് അടുത്തു നിന്നു ദേശീയപാതയ്ക്കു സമാന്തരമായിട്ടുള്ള പഴയ പിഡബ്ല്യുഡി റോഡ് വികസിപ്പിച്ചെടുത്ത് മുട്ടം ജംഗ്ഷനു സമീപത്ത് റെയില്‍വേ പാളത്തിന് അടിയിലായി തുരങ്കം നിര്‍മിക്കാനാണ് പദ്ധതി.
റെയില്‍വേ ട്രാക്കിന് അടിയില്‍ 25 മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും അഞ്ച് മീറ്റര്‍ ഉയരത്തിലും തുരങ്കം നിര്‍മിക്കണം. പുറത്തുവച്ച് മുന്‍കൂട്ടി വാര്‍ത്തെടുത്ത കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പുഷ്ഠ്രൂ സാങ്കേതികവിദ്യ ഉപയോഗിച്ച് തള്ളിക്കയറ്റി കൂട്ടിയോജിപ്പിച്ചാണു തുരങ്കം നിര്‍മിക്കുക.
യാര്‍ഡിലേക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി മുട്ടത്ത് റെയില്‍വേപാളത്തിന് അടിയിലൂടെ തുരങ്കം പണിയാനുള്ള രൂപരേഖ ഡിഎംആര്‍സി എന്‍ജിനീയറിംഗ് വിഭാഗം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) അനുമതിക്കായി കൈമാറിയിരുന്നു.
റെയില്‍വേ ട്രാക്കിന് അടിയിലുള്ള പ്രവൃത്തികള്‍ ഒരു ദിവസം കൊണ്ട് തന്നെ പൂര്‍ത്തീകരിക്കാനാകും. റെയില്‍വേയില്‍ നിന്നും മറ്റുമുള്ള അനുമതിക്കായി മാസങ്ങള്‍ തന്നെ എടുത്തേക്കും. പല തലങ്ങളില്‍ പരിശോധന ആവശ്യമായതിനാലാണിത്. നിര്‍മാണത്തിന് ജില്ലാ ഭരണ കൂടത്തിന്റെയും കെഎംആര്‍എല്ലിന്റെയും അനുമതി ആവശ്യമാണ്. തുരങ്കം നിര്‍മിക്കുന്നത് മുട്ടം യാര്‍ഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നു മാത്രമല്ല തുടര്‍ന്നുള്ള നിര്‍മാണചെലവു കുറച്ചുകൊണ്ടുവരാനും സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍.
തുരങ്കം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്ത പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനാണ് ഡിഎംആര്‍സിയുടെ നീക്കം. ദക്ഷിണ റെയില്‍വേയുടെ അനുമതിക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഉടന്‍ തയാറാക്കും.
അടുത്തയാഴ്ച ഇ. ശ്രീധരന് സംബന്ധിക്കുന്ന അവലോകന യോഗത്തില്‍ ഇത് അവതരിപ്പിക്കും. ഒന്നേകാല്‍ കോടി രൂപയാണ് തുരങ്കം നിര്‍മിക്കുന്നതിനു മാത്രം ചെലവു പ്രതീക്ഷിക്കുന്നത്. റെയില്‍വേയ്ക്കു നല്കേണ്ടിവരുന്ന മെയിന്റനന്‍സ്, സര്‍വീസ് ചാര്‍ജുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇതു രണ്ട് കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
റെയില്‍വേയെ അനുമതിക്കായി സമീപിക്കുന്ന സമയത്തു മാത്രമേ അവര്‍ക്കു നല്‍കേണ്ട സര്‍വീസ് ചാര്‍ജ്ജുകള്‍ സംബന്ധിച്ച ചിത്രം വ്യക്തമാകുകയുള്ളു. തുരങ്കത്തിന്റെ കാലാകാലങ്ങളിലെ അറ്റകുറ്റ പണികള്‍ റെയില്‍വെ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അതിനുള്ള പണവും മുന്‍കൂറായി നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: