നോട്ടിംഗ്ഹാം : ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സിന് പുറത്ത്. പീറ്റര്‍ സിഡിലിന്റെ മാരകമായ ബൗളിംഗിന്റെ കരുത്തിലാണ് ഓസ്ട്രേലിയ കുറഞ്ഞ സ്കോറില്‍ ഇംഗ്ലണ്ടിനെ ഒതുക്കിയത്. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്കുപോലും അര്‍ദ്ധസെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ല. 48 റണ്‍സെടുത്ത ട്രോട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍. ട്രോട്ടിന് പുറമെ 37 റണ്‍സെടുത്ത ബെയര്‍സ്റ്റോവും 30 റണ്‍സെടുത്ത റൂട്ടും 25 റണ്‍സെടുത്ത ഇയാന്‍ ബെല്ലും 24 റണ്‍സെടുത്ത ബ്രോഡും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ഇംഗ്ലണ്ട് നിരയില്‍ പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 15 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സോടെ വാട്സണും ആറ് റണ്‍സോടെ റോജേഴ്സുമാണ് ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി 19 വയസ്സുകാരന് ആഷ്ടണ്‍ അഗര്‍ അരങ്ങേറ്റം നടത്തി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന് അലിസ്റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടീമിന് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ കുക്കിനും റൂട്ടിനും കഴിഞ്ഞില്ല. സ്കോര്‍ 27 റണ്‍സിലെത്തിയപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. 13 റണ്‍സെടുത്ത കുക്കിനെ പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് പിടികൂടി. രണ്ടാം വിക്കറ്റില്‍ റൂട്ടിനൊപ്പം ട്രോട്ട് ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത റൂട്ടും മടങ്ങി. സിഡിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് റൂട്ട് മടങ്ങിയത്.
പിന്നീട് സ്കോര്‍ 102-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 14 റണ്‍സെടുത്ത കെവിന് പീറ്റേഴ്സനാണ് മടങ്ങിയത്. സിഡിലിന്റെ പന്തില്‍ ക്ലാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് വിശ്വസ്തനായ പീറ്റേഴ്സണ് മടങ്ങിയത്. സ്കോര്‍ 124-ല്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍ ട്രോട്ടും മടങ്ങി. 48 റണ്‍സെടുത്ത ട്രോട്ടിനെ സിഡില്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ബെല്ലും ബെയര്‍സ്റ്റോവും ചേര്‍ന്ന് സ്കോര്‍ 178-ല്‍ എത്തിച്ചു. എന്നാല്‍ 25 റണ്‍സെടുത്ത ബെല്ലിനെയും സിഡില്‍ വാട്സന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് 5ന് 178 എന്ന നിലയില്‍ തകര്‍ന്നു. തുടര്‍ന്ന് സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റായി പ്രയറും മടങ്ങി.
സിഡിലിന്റെ പന്തില്‍ ഹ്യൂഗ്സിന് ക്യാച്ച് നല്‍കിയാണ് പ്രയര്‍ പുറത്തായത്. 213-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. 24 റണ്‍സെടുത്ത ബ്രോഡിനെ പാറ്റിന്സണ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. പിന്നീട് മൂന്ന് വിക്കറ്റുകളും വെറും രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇതേ സ്കോറില്‍ തന്നെ 37 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കിയപ്പോള്‍ ഫിന്നിനെ സ്റ്റാര്‍ക്ക് തന്നെ ഹാഡിന്റെ കൈകളിലെത്തിച്ചു. 59 ഓവറില്‍ സ്കോര്‍ 215-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത സ്വാനെ പാറ്റിന്സണ് ഹ്യൂഗ്സിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീണു.
ഓസ്ട്രേലിയക്ക് വേണ്ടി 14 ഓവറില്‍ 50 റണ്‍സ് വഴങ്ങി സിഡില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെയിംസ് പാറ്റിന്സണ് 17 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും 17 ഓവറില്‍ 54 റണ്‍സ് വഴങ്ങി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: