ബോധ്ഗയ: മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ആറ് പേര്‍ക്കെതിരെ ബീഹാര്‍ പോലീസ് രാവിലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ആറ് പേരാണ് ഇവരെന്ന് കരുതുന്നു. സംഭവത്തിന് ശേഷം ഇവരെ കണ്ടിട്ടില്ല ഇതാണ് ഇവരെ സംശയിക്കാന്‍ കാരണം.
തിങ്കളാഴ്‌ച്ച സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ ബീഹാര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ സിസിടിവി പുറത്തുവിട്ടിരുന്നു.
മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരയ്‌ക്ക് രണ്ട് ദിവസത്തിന് ശേഷം അന്വേഷണത്തിലുണ്ടായ വീഴ്‌ച്ചയെ തുടര്‍ന്ന് ബീഹാര്‍ പോലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) അന്വേഷണം കൈമാറിയിരുന്നു.
തെളിവുകള്‍ കണ്ടെത്തുന്നതില്‍ ബീഹാര്‍ പോലീസ് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിന് നിയോഗിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയിലെ വീഴ്‌ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
അതിനിടെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും മതപരമായ സ്ഥലങ്ങളും സംരക്ഷിക്കുന്നതിനായി സിഐഎസ്എഫ് ഭടന്‍മാരെ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. സംഭവസ്ഥലത്ത് നിന്ന് എന്‍എസ്ജി സുരക്ഷാ ഭടന്‍മാര്‍ തെളിവുകള്‍ ശേഖരിച്ചു.
അമോണിയം നൈട്രേറ്റും സള്‍ഫറും അടങ്ങിയ 13 ബോംബുകളാണ് മഹാബോധി ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ നിന്ന് പത്തെണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്‌ട്രയിലെ തലെഗാവൂണില്‍ വച്ച് പറഞ്ഞു.
















