വയസ്സ് നൂറായി. ആ ഹൃദയതാളത്തിനു തെല്ലും പിഴവില്ല. കാല്‍ച്ചുവടുകള്‍ക്ക് താളം തെറ്റുകയുമില്ല. കാരണം ശങ്കരമാരാര്‍ എട്ട് പതിറ്റാണ്ടിലേറെ ഓട്ടന്തുള്ളല് കലാസപര്യയാക്കി ജീവിതം നയിച്ചയാളാണ്.
കണ്ണൂര്‍ എടക്കാട്ടെ പി.എസ്. മാരാര്‍ ഇപ്പോള്‍ ശതാഭിഷേക നിറവില്‍. ഓട്ടന്‍ തുള്ളലിന്റെ തലതൊട്ടപ്പന് കുഞ്ചന്‍ നമ്പ്യാര്‍ വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്ത ലക്കിടിയിലാണ് ജനിച്ചത്. നമ്പ്യാര്‍ തുള്ളല്‍ ആവിഷ്കരിച്ചതും അരങ്ങേറിയതും മറ്റൊരു ദേശമായ ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍പ്പെട്ട കുട്ടനാട്ടിലെ അമ്പലപ്പുഴയിലും. പക്ഷേ പൊതുവേ തെയ്യത്തിന്റെ നാായ വടക്കേ മലബാറിലെ ഈ കണ്ണൂര്‍ എടക്കാട്ടുകാരന് മാരാര്‍ക്ക് തുള്ളല്‍ ഹൃദയതാളമാണ്, അതൊരു വിസ്മയവുമാണ്.
ഓട്ടന്‍ തുളളല്‍ രംഗത്ത് സ്വയം സമര്‍പ്പിതനായി മൂന്നു നാലു വര്‍ഷം മുമ്പുവരെ നിറഞ്ഞുനിന്ന ഇദ്ദേഹം ഈ രംഗത്ത് നല്കിയ സംഭാവനകള്‍ കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ കലാ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ ആവാത്തതാണ്. കലാചാര്യ, കലാരത്നം,വാദിത്രരത്നം എന്നീ പ്രശസ്ത പുരസ്ക്കാരങ്ങളടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുളള പി.എസ്.മാരാര്‍ മൃദംഗത്തിലും പാട്ടിലും ഒരേ സമയം വരുത്തിയ പരിഷ്ക്കാരങ്ങള്‍ ഓട്ടന്‍ തുളളല്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
1913 ജനുവരി 21ന് കൊട്ടില വീട്ടില്‍ ശങ്കരമാരാരുടെയും പൊങ്ങിലാട്ട് പാര്‍വ്വതി അമ്മയുടെയും മകനായി പയ്യന്നൂരില്‍ ജനിച്ച മാരാര്‍ക്ക് ഇടയ്ക്കയും, ചെണ്ടയും പാണിമാര്ഗ്ഗവും ഓടക്കുഴലും കഥകളി സംഗീതവും, സോപാനസംഗീതവും ശാസ്ത്രീയസംഗീതവും കൈയ്യടക്കമായി. എന്നാല്‍, അതില്‍ ഒതുങ്ങിക്കൂടാതെ താളത്തിന്റെയും സംഗീതത്തിന്റെയും സമന്വയ വേദിയായ ഓട്ടന്‍തുള്ളലിനെ ജീവിത സപര്യയാക്കി മാറ്റുകയും ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യുകയായിരുന്നു മാരാര്‍. തേമനം വീട്ടില്‍ ശങ്കരമാരാരുടെ ശിക്ഷണത്തില്‍ ഓട്ടന്‍ തുളളലിന്റെ ബാല പാഠങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ സ്വയത്തമാക്കിയ ഇദ്ദേഹം തുടര്‍ന്നിങ്ങോട്ട് കേരളത്തിനകത്തും പുറത്തും മലബാറില്‍ പ്രത്യേകിച്ചും നിരവധി വേദികളില്‍ നിറഞ്ഞാടുകയും ഓട്ടന്‍ തുളളല്‍ രംഗത്തെ കുലപതിയായി മാറുകയുമായിരുന്നു.
ഓട്ടന്തുള്ളല് രംഗത്ത് നിറഞ്ഞു നില്ക്കുന്ന പി.എസിന്റെ ജീവിതം വടക്കേ മലബാറിലെ കലാചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ല. സമാനതകളില്ലാത്ത ഈ കലാകാരനെ തേടി കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ,1985ല്‍ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ പുരസ്ക്കാരം, 1989ല്‍ അഖില കേരള മാരാര്‍ സഭയുടെ കലാചാര്യ പുരസ്ക്കാരം, 2007ല്‍ സരസ്വതി വിദ്യാലയയുടെ സരസ്വതി സംഗീത പുരസ്ക്കാരം, കോട്ടയം കോവിലകം വക കലാരത്നം, 2008ല്‍ കണ്ണൂര്‍ കുഞ്ഞിക്കണ്ണന് ജ്വല്ലറി ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്ക്കാരം, 2009ല്‍ കേരള സംഗീത-നാടക അക്കാദമിയുടെ ഗുരുപൂജഅവാര്ഡ്, 2011ല്‍ മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്നം,പയ്യന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ സ്വര്‍ണ്ണപ്പതകം,നാദ ബ്രഹ്മം കലാക്ഷേത്ര പുരസ്ക്കാരം, റുശ്ശേരി കലാ സാഹിത്യ വേദി പുരസ്ക്കാരം, ഡല്‍ഹി പൂര മഹോത്സവ അവാര്‍ഡ്, സായൂജ്യം കലാ സാഹിത്യ വേദി പുരസ്ക്കാരം, തുഞ്ചത്താചാര്യ പുരസ്ക്കാരം, ക്ഷേത്ര സംസ്കൃതി പുരസ്ക്കാരം തുടങ്ങിയവ എത്തിയിട്ടുണ്ട്.
പഠിച്ചതു പരിശീലിക്കുക മാത്രമല്ല, അടുത്ത തലമുറക്കും നാടിനും കൈമാറ്റം ചെയ്യുമ്പോഴാണ് അഭ്യസിച്ചത് അര്‍ത്ഥവത്താകൂ. അങ്ങനെയാണ് ഗുരുക്കളും ശിഷ്യന്മാരും പിറക്കുന്നത്. മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമായി എണ്ണിയാല്‍ തീരാത്ത ശിഷ്യഗണങ്ങളാണ് ഇദ്ദേഹത്തിനിപ്പോഴുളളത്. കൃഷ്ണമണി പയ്യന്നൂര്‍, രാധ,ശിവദാസ് മാരാര്‍, മണികണ്ഠന്, ഗുരു ബാലകൃഷ്ണ മാരാര്‍ ദില്ലി, എടക്കാട് രാധാകൃഷ്ണ മാരാര്‍, വസന്ത, അഖിലാണ്ഡന് എന്നിവരാണ് മക്കള്‍.
പി.എസ്.മാരാരുടെ നൂറാം പിറന്നാള്‍ കഴിഞ്ഞ ജനുവരി 26ന് ആരാധകരും ശിഷ്യരും നാട്ടുകാരും ചേര്‍ന്ന് ആഘോഷിച്ചു.ഇദ്ദേഹത്തിന്റെ കലാരംഗത്തെ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്. ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട ഈ കലാചാര്യനെ ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നുണ്. ഭാര്യ ശാരദ മാരസ്യരോടും മകന് ഓട്ടം തുളളല്‍ കലാകാരനായ എടക്കാട് രാധാകൃഷ്ണ മാരാരോടുമൊപ്പം കണ്ണൂര്‍ ജില്ലയിലെ എടക്കാട് പ്രശസ്തമായ ഊര്പ്പഴശ്ശി കാവിനു സമീപം തറവാട്ടു വീട്ടിലാണിപ്പോള്‍.
കലാകാരനെന്ന നിലയില്‍ സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിനു കിട്ടുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ വക 2000 രൂപയുടെ ഫെലോഷിപ്പ് രണ്ട് വര്‍ഷം മുമ്പ് വരെ ലഭിച്ചിരുന്നു, ഇപ്പോള്‍ അതുമില്ല.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: