ശ്രീരാമചന്ദ്രന്‍ പിറന്ന മണ്ണില്‍ നിന്നും തുടങ്ങിയതൊന്നും പരാജയപ്പെട്ടിട്ടില്ലെന്നത് ചരിത്രമാണ്. അയോദ്ധ്യയിലെ രാംലാലയില്‍ അമിത്ഷാ നിന്നു പ്രാര്‍ത്ഥിച്ചത് പഴയ കോസല രാജ്യമായ ഉത്തര്‍പ്രദേശില്‍, പാര്‍ട്ടിയുടെ പുനരുജ്ജീവനം മാത്രമായിരിക്കണം. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ അമിത്ഷായുടെ യുപിയിലെ ദൗത്യം 1991-2000 കാലത്തെ പ്രതാപത്തിലേക്കു പാര്‍ട്ടിയെ വളര്‍ത്തിയൊരുക്കുകയെന്നതു മാത്രമാകുമ്പോള്‍ പ്രത്യേകിച്ചും.
മികച്ച സംഘാടകനെന്നു ഗുജറാത്തില്‍ തെളിയിച്ച അമിത്ഷായുടെ അയോദ്ധ്യാ സന്ദര്‍ശനം സവിശേഷമായ മാധ്യമ ശ്രദ്ധ നേടിയതിനു പിന്നില്‍ ആരും തിരിച്ചറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ഉത്തര്‍പ്രദേശില്‍ വീണ്ടും ചലനങ്ങളുണ്ടായിത്തുടങ്ങിയിരിക്കുന്നു. 1991ല്‍ തുടങ്ങിവെച്ച അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇടക്കാലത്ത് മന്ദഗതിയായിരുന്നെങ്കിലും അതിന്റെ പൂര്‍ണ്ണതയിലേക്ക് വീണ്ടും എത്തപ്പെടുകയാണ്.
സംസ്ഥാനത്തെ 82 ശതമാനത്തോളം വരുന്ന ഹിന്ദു ജനവിഭാഗങ്ങളുടെ ഏകീകരണമാണ് ബിജെപി വീണ്ടും ലക്ഷ്യം വയ്‌ക്കുന്നതെന്ന് വ്യക്തമാണ്. അതോടൊപ്പം ക്രമസമാധാനത്തകര്‍ച്ചയും വിലക്കയറ്റവും മൂലം പൊറുതി മുട്ടുന്ന സാധാരണക്കാരേറെയുള്ള സംസ്ഥാനത്ത് പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള മോചനവും ബിജെപി അജണ്ടയാക്കിയിട്ടുണ്ട്.
ജൂലൈ ആറിന് ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാക്കളോടൊപ്പമാണ് അമിത്ഷാ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ എത്തിയത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ ഇതു നവോന്മേഷം ഉണ്ടാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവമായതോടെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളും വീണ്ടും ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയമണ്ണില്‍ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത് വെറും രാഷ്‌ട്രീയ പ്രവര്‍ത്തനമായി ബിജെപി കാണുന്നില്ല, മറിച്ച് ദേശത്തിന്റെ, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെയാകെ ഭൂരിപഷ അഭിലാഷത്തെ ഉണര്‍ത്താനുള്ള അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്.
1989ല്‍ ലോക്സഭയില്‍നിന്നും എട്ടു പേരെ വിജയിപ്പിച്ച് ലോക്സഭയിലെത്തിച്ച ബിജെപിക്ക് 1991ല്‍ അയോദ്ധ്യാ പ്രസ്ഥാനത്തിന്റെ പ്രചാരണസമയത്ത് നിയമസഭയില്‍ 57 എംഎല്‍എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ 32.83 ശതമാനം വോട്ടോടെ 43 എംപിമാരെയാണ് ബിജെപി ഇവിടെ വിജയിപ്പിച്ചത്.
221 എംഎല്‍എമാരുമായി സംസ്ഥാന ഭരണത്തിലും ആദ്യമായി കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ ബിജെപി രൂപീകരിച്ചു. എന്നാല്‍ അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തര്‍ന്നതിനു പിന്നാലെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാഷ്‌ട്രപതി ഭരണവും പിന്നീട് അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ സംഭവിച്ച സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളുടെ ഭരണവുമെല്ലാം അഞ്ചുവര്‍ഷങ്ങള്‍ അപഹരിച്ചെങ്കിലും 1997ല്‍ 174 സീറ്റുമായി വീണ്ടും ബിജെപി സംസ്ഥാന ഭരണത്തിലെത്തി.
1996ലും 1998ലും 52ഉം 57ഉം എംപിമാരെ ഉത്തര്‍പ്രദേശില്‍ നിന്നും ലോക്സഭയിലെത്തിക്കാനായതിന്റെ പ്രതാപകാലവും ബിജെപിക്കുണ്ട്. എന്നാല്‍ പിന്നീട് ക്രമാനുഗതമായി 88 സീറ്റ്(2002),51 സീറ്റ് (2007), 47 സീറ്റ് (2012) എന്നിങ്ങനെ കുറഞ്ഞുപോയ നിലയിലാണ് പാര്‍ട്ടിയുടെ ശക്തിപ്പെടുത്തല്‍ ദൗത്യവുമായി അമിത്ഷാ ഉത്തര്‍പ്രദേശിലെത്തിയിരിക്കുന്നത്.
ഒറ്റയ്‌ക്ക് എല്ലാം എത്തിപ്പിടിക്കലല്ല ലക്ഷ്യം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 1991ല്‍ 221 സീറ്റുകളുമായി ഭരണത്തിലേറിയ ബിജെപിയെ ആണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആഗ്രഹിക്കുന്നത്.കാരണം ബിജെപിയുടെ ശക്തിയും ദൗര്‍ബല്യവും ഉത്തര്‍പ്രദേശാണ്. അവിടെ വിജയം നേടുകയെന്നത് ദല്‍ഹി ഭരിക്കാന്‍ അനിവാര്യവും.ഇതിനുള്ള ശ്രമത്തിനിടയിലെ അയോദ്ധ്യാ സന്ദര്‍ശനവും അതിനോടുള്ള പ്രതികരണവും അമിത് ഷായ്‌ക്ക് ആത്മ വിശ്വാസം കൂട്ടിയിരിക്കുകയാണ്.
എസ്. സന്ദീപ്
















