കൊച്ചി: ആദിവാസികള്‍ പൊതു സമൂഹത്തിന്റെ ഭാഗമാണെന്നും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) നടപ്പിലാക്കുന്ന അലങ്കാര മത്സ്യ കൃഷി പദ്ധതി അവരെ സ്വയം പര്യപ്തരാകാന് സഹായിക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ്. നബാര്‍ഡിന്റെ ധനസഹായത്തോടെ സംസ്ഥാന വനംവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെ ചാലക്കുടിപ്പുഴയ്ക്ക് സമീപത്തെ പൊകലപ്പാറ ആദിവാസി കോളനിയില്‍ ആരംഭിച്ച അലങ്കാര മത്സ്യകൃഷി യൂണിറ്റിന്റെയും പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഏറെ കച്ചവട സാധ്യതയുള്ളതും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കുന്നതുമായ അലങ്കാര മത്സ്യകൃഷി ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും. വിദേശത്ത് മികച്ച വിപണിമൂല്യമുള്ള അപൂര്‍വ്വയിനം മത്സ്യയിനങ്ങളടങ്ങിയ ചാലക്കുടി പുഴയുടെ തീരം ഇതിന് ഏറെ അനുയോജ്യമാണ്. മത്സ്യപ്രജനനപരിശീലനത്തിലും വിപണി കണ്ടെത്തുന്നതിലും കുഫോസ് ഇവരെ സഹായിക്കുമെന്നും വി.സി. അഭിപ്രായപ്പെട്ടു.
ബി.ഡി. ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദിവാസികള്‍ക്കുള്ള പദ്ധതിയില്‍ ഇടത്തട്ടുകാരുടെ ചൂഷണം തടയുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഫിഷറീസ് വികസന ബോര്‍ഡ് (എന്‍എഫ്ഡിബി.) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മധുമിത മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ബംഗാളില്‍ ആദിവാസികള്‍ക്കിടയില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടതാണ് അലങ്കാര മത്സ്യകൃഷിയെന്ന് അവര്‍ പറഞ്ഞു. നൂറ്റമ്പതോളം ആദിവാസി യുവതീയുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ടി. ഉഷ, ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി ചക്കന്തറ, ലീഡ് ബാങ്ക് തൃശൂര്‍ ജില്ല മാനേജര്‍ അന്നമ്മ സൈമണ്‍, വാഴച്ചാല്‍ റെയ്ഞ്ച് ഓഫീസര്‍ വീണാദേവി, പൊകലപ്പാറ വനസംരക്ഷണ സമിതി പ്രസിഡണ്ട്. കാഞ്ചന, പൊകലപ്പാറ ആദിവാസി കോളനി മൂപ്പന് സുബ്രമണ്യന്‍, സന്തോഷ് ബേബി, ഡോ. പി. കേശവനാഥ്, എന്നിവര്‍ പ്രസംഗിച്ചു. വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ നാസര്‍ കുഞ്ഞ് സ്വാഗതവും പദ്ധതിയുടെ മുഖ്യഗവേഷകനും കുഫോസ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ. ദിനേശ് നന്ദിയും പറഞ്ഞു.
കേരളത്തിലാദ്യമായാണ് ആദിവാസികളെ സംരംഭകരായി പരിഗണിച്ച് അലങ്കാര മത്സ്യകൃഷി നടത്തുന്നത്. അനുയോജ്യമായ മത്സ്യങ്ങളെ മാത്രം കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നത് വഴി വനമേഖലയില്‍ വലിയ തോതില്‍ നടക്കുന്ന അനധികൃത മത്സ്യവേട്ടയെ തടയിടാനും പ്രകൃതിപരമായ ജൈവമത്സ്യസമ്പത്ത് സംരക്ഷിക്കാനും ഈ പദ്ധതി കൊണ്ട് സാധിക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള ആദിവാസി ഗോത്രവര്‍ഗക്കാരെയും പിന്നീടുള്ള ഘട്ടങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുപ്പിക്കും.
മലയോര ജലാശയങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനത്തിന് നിയമാനുസൃതമായി അധികാരമുള്ള ആദിവാസി ജനവിഭാഗത്തില്പെട്ടവര്ക്ക് സുരക്ഷിതമായ തൊഴില്‍മേഖല സൃഷ്ടിക്കുന്നതാണ് പദ്ധതി. ഗോള്‍ഡ് ഫിഷ്, എയ്ഞ്ചല്‍, ഗപ്പി, മോളി, സോര്‍ഡ് ടെയ്ല്, ടെട്രസ്, ഡിസ്കസ്, ഓസ്കര് തുടങ്ങിയ മറുനാടന്‍ അലങ്കാര മത്സ്യങ്ങള്‍ കൂടാതെ ചാലക്കുടി നദിയില്‍ ധാരാളമായി കണ്ടുവരുന്ന വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുള്ള തനതു അലങ്കാര മത്സ്യയിനങ്ങളും ഇവിടെ പ്രജനനം നടത്തി വളര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: