വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പള്ളികളുടെ സംഭാവനകളില്‍ നിന്ന് 20 മില്യണ്‍ യൂറോ വെട്ടിച്ച കേസില്‍ അറസ്റ്റ് തുടരുകയാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഡയറക്ടര്‍ പവാലോ സിപിരിയാനി ഡപ്യൂട്ടി ഡയറക്ടര്‍ മാസിമോ ടുല്ലി എന്നിവര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ വിശ്വസ്തവും രഹസ്യ സ്വഭാവവും ഉള്ള ബാങ്കുകളിലൊന്നാണ് വത്തിക്കാന്‍ ബാങ്ക്. ഇവിടെ നിന്നും ഓരോ ദിവസവും ശതകോടികളുടെ അഴിമതികണക്കാണ് പുറത്തുവരുന്നത്. ഇറ്റലിയില്‍ നിന്നും ഇരുപത് മില്യണ്‍ യൂറോ സ്വിറ്റ്സര്‍ലണ്ടിലേക്ക് കടത്തിയെന്നാണ് ആരോപണം. ആരോപണ വിധേയനായ സീനിയര്‍ അക്കൗണ്ടന്റ് കരാനോ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബാങ്കിന്റെ ഏജന്റുമാരും അറസ്റ്റിലായതായി സൂചനയുണ്ട്.
പോപ് ഫ്രാന്‍സിസ് നേരിട്ട് ഇടപെട്ട് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മിഷന് രൂപീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ അഴിമതി സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി നടന്നുവന്ന മറ്റ് നിരവധി ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തി. അഴിമതിയെക്കുറിച്ച് വത്തിക്കാനില്‍ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം ബാങ്കിന്റെ ഭരണസമിതിയായ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ വര്‍ക്സ് ഓഫ് റിലിജിയന്‍ അടിയന്തര യോഗം ചേര്‍ന്നു. ബാങ്കിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അടിയന്തര നടപടികള്‍ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ നേതൃത്വത്തിലുള്ള മറ്റ് പ്രമുഖര്‍ക്കെതിരായ അച്ചടക്കനടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: