കരാക്കാസ്: അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തി വെളിപ്പെടുത്തിയ എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന് രാഷ്ട്രീയ അഭയം നല്കാന് തയ്യാറാണെന്ന് വെനസ്വേലയും നിക്കരാഗ്വയും വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ പേരിലാണ് അഭയം വാഗ്ദാനം ചെയ്യുന്നതെന്ന് വെനസ്വേല പ്രസിഡണ്ട് നിക്കോളസ് മഡുറോ വ്യക്തമാക്കി.
അമേരിക്കയുടെ ആഗോള ചാരവൃത്തിയെ കുറിച്ചുള്ള സത്യങ്ങള്‍ തുറന്നു പറഞ്ഞ യുവാവാണ് സ്നോഡനെന്നും മഡുറോ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സ്നോഡന് അഭയം നല്കാന് എതിര്‍പ്പില്ലെന്ന് നികാരഗുവ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗ പറഞ്ഞു. അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സ്നോഡന്റെ അപേക്ഷ ലഭിച്ചതായി സ്ഥിരീകരിച്ച അദ്ദേഹം, അത് പരിശോധിച്ചു വരികയാണെന്നും വ്യക്തമാക്കി.
അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തി വെളിപ്പെടുത്തിയ ശേഷം ഒളിവിലായ സ്നോഡന് ഇപ്പോള്‍ മോസ്കോ വിമാനത്താവളത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. അഭയം തേടി സ്നോഡന് വെള്ളിയാഴ്ച്ച ആറ് രാജ്യങ്ങളെ കൂടി സമീപിച്ചതായി വിക്കിലീക്സ് അറിയിച്ചു. എന്നാല്‍ സ്നോഡന് അഭയം നല്കാതിരിക്കാന് അമേരിക്കന്‍ ശ്രമം ശക്തമായിരിക്കെ അഭയം തേടി ഏതെല്ലാം രാജ്യങ്ങളെയാണ് സ്നോഡന് സമീപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തില്ലെന്നും വിക്കിലീക്സ് അറിയിച്ചു.
നേരത്തെ സ്നോഡന് അഭയം തേടി 21 രാജ്യങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ ഒട്ടുമിക്ക രാജ്യങ്ങളും സ്നോഡന് അഭയം നല്കാന് തയ്യാറായിരുന്നില്ല. രാജ്യദ്രോഹക്കുറ്റമുള്പ്പടെയുള്ള ക്രിമിനല്‍ കേസുകളാണ് അമേരിക്ക സ്നോഡനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഫോണ്‍, വെബ്സൈറ്റ് വിശദാംശങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് സ്നോഡന് നടത്തിയത്. ഇതേ തുടര്‍ന്ന് വിര്‍ജിനിയയിലെ ഫെഡറല്‍ കോടതി സ്നോഡനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: