പെരുമ്പാവൂര്‍: നഗരസഭക്കുളളിലെ ഹോട്ടലുകളിലും ബാര്‍ ഹോട്ടലുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന പ്രഹസനമാകുന്നു. മേല്‍ ഘടകങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധികളും വിവിധതരം മാരക രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന അവസരത്തില്‍ നടക്കുന്ന പരിശോധനകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല നടക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ബുധനാഴ്ച നടന്ന പരിശോധനയില്‍ നാല് ബാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ആറ് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ആട്ടിറച്ചി, മാട്ടിറച്ചി, മത്സ്യം, ബിരിയാണി, പുഴുങ്ങിയ മുട്ട തുടങ്ങിയവയാണ് അധികമായും പിടിച്ചെടുത്തത്. എന്നാല്‍ നഗരസഭ ഓഫീസിന് മുന്നില്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നതായി കാണിച്ച് ഒഴിഞ്ഞ പാത്രങ്ങളാണ് നിരത്തി വച്ചിരുന്നത്. പാത്രങ്ങളിലിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വളരെ പഴകിയതായതിനാല്‍ നഗരസഭയുടെ മാലിന്യ വാഹനത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്രയും പഴക്കം ചെന്ന ഭക്ഷണം പിടിച്ചെടുത്തിട്ടും സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളി നടത്തുകയാണ്.
വ്യാഴാഴ്ച വീണ്ടും പരിശോധന തുടര്‍ന്നെങ്കിലും പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ നല്കുവാന് അധികൃതര്‍ തയ്യാറായില്ല. പരിശോധനകളുടെ വിവരം നല്കുവാന് തനിക്ക് ആവില്ലെന്നും എല്ലാം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ ചന്ദ്രന് പറഞ്ഞു.
നഗരത്തിലെ പല പ്രമുഖ സ്ഥാപനങ്ങളുടേയും പേരുകള്‍ പുറത്ത് വന്നതോടെ നഗരസഭാ അധികൃതരും ജനപ്രതിനിധികളും ഇത്തരം കാര്യങ്ങള്‍ മറച്ച് വക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ സ്ഥാപനങ്ങളിലെല്ലാം ശുചിത്വം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: