തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇന്നലെ ചങ്ങനാശ്ശേരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശാലുവിനെ തിരുവനന്തപുരത്തു കൊണ്ടുവന്നാണ് ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയായ പണം തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് ശാലു. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ശാലുവിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘത്തിന്റെ മേധാവി എ ഡി ജി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ചോദ്യം ചെയ്യലില്‍ ശാലു മേനോന് കുറ്റം സമ്മതിച്ചതായാണ് വിവരം. സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയായിരുന്നതായി നടി ശാലു മേനോന് സമ്മതിച്ചു. ബിജുവിന് 25 ലക്ഷം രൂപ കൊച്ചിയില്‍ വെച്ച് കൈമാറുമ്പോള്‍ ശാലുവും ഒപ്പമുണ്ടായിരുന്നുവെന്ന് പരാതി നല്കിയ തിരുവനന്തപുരം സ്വദേശി റാസിഖ് അലി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശാലു സമ്മതിച്ചത്. ഇതു കൂടാതെ 10 ലക്ഷവും മറ്റൊരു 20 ലക്ഷവും വാങ്ങുമ്പോള്‍ ബിജുവിനൊപ്പം താന്‍ ഉണ്ടായിരുന്നതായി ശാലു സമ്മതിച്ചു. തിരുവനന്തപുരം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഈ കൈമാറ്റങ്ങള്‍. പണം അഞ്ച് സ്ഥലങ്ങളിലായിട്ടാണ് കൈമറിഞ്ഞുപോയതെന്നും ശാലു വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ വീട് നിര്‍മാണത്തിനും മറ്റും ബിജു പണം നല്കി സഹായിച്ചതായും ശാലു സമ്മതിച്ചു. ചോദ്യം ചെയ്യുമ്പോള്‍ ശാലു അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.
ചങ്ങനാശ്ശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത നടിയെ അവരുടെ സ്വന്തം സിഫ്റ്റ് കാറിലാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇതടക്കം പ്രത്യേക വിഐപി പരിഗണനയാണ് പോലീസ് നടിക്ക് നല്‍കിയത്. പോലീസ് ചങ്ങനാശ്ശേരിയിലെത്തുമ്പോള്‍ നടി യാത്രയ്ക്ക് തയ്യാറായി നില്‍ക്കുകയായിരുന്നു. അറസ്റ്റ് വിവരം നടിക്ക് പോലീസ് നേരത്തെ തന്നെ ചോര്‍ത്തിക്കൊടുത്തിരുന്നു. ഡ്രൈവറുള്‍പ്പടെ പോലീസിനായി കാത്തു നില്‍ക്കുകയായിരുന്നു. സ്വന്തം കാറില്‍ യാത്രചെയ്യാന്‍ നടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ അനുവാദം നല്‍കിയിരുന്നു.
തിരുവനന്തപുരത്തെത്തിച്ച നടിയെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിപ്പിക്കാനും പോലീസ് പരമാവധി ശ്രമിച്ചു. തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പില്‍ നടിയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് ജീപ്പ്പിലേക്കു കയറ്റുന്ന നടി ശാലുമേനോന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച കേരളാവിഷന്റെ ക്യാമറാമാനെ മഫ്തിയിലുള്ള പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. തുടക്കം മുതല്‍ പോലീസ് വലിയമതീല് തീര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍ നടിയെ കാണാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മര്‍ദ്ദിച്ച ശേഷം പോലീസുകാരന് ക്യാമ്പിനുള്ളിലേക്ക് ഓടി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: