കെയ്റോ: പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഈജിപ്തില്‍ താത്കാലിക പ്രസിഡന്റായി അദ്ലി മന്‍സൂര്‍ അധികാരമേറ്റു. ഭരണഘടനാ കോടതി തലവനാണ് മന്‍സൂര്‍.സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ലി മന്‍സൂര്‍ താത്കാലിക പ്രസിഡന്റായി അധികാരമേറ്റത്.ബുധനാഴ്ച രാത്രി പ്രസിഡന്റ് മുര്‍സിയുടെ കൊട്ടാരം വളഞ്ഞ സൈന്യം പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. വീട്ടുതടങ്കലിലാണ് മുര്‍സി ഇപ്പോള്‍.
വ്യാഴാഴ്ച ഭരണഘടന കോടതിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സൈനികമേധാവി ജനറല്‍ അബ്ദല്‍ ഫത്താ അല്‍ സിസിക്കു പുറമേ മത രാഷ്ട്രീയ നേതാക്കള്‍,സൈനികഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനാകും തന്റെ ശ്രമമെന്നും എന്ന് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇടക്കാല പ്രസിഡന്റായ അദ്ലി മന്‍സൂര്‍ പറഞ്ഞു. പട്ടാള അട്ടിമറിക്ക് ഈജിപ്തില്‍ ജനങ്ങളുടെ വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ഈജിപ്തിലെ തെരുവുകളില്‍ സായുധസൈന്യം സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പട്ടാള അട്ടിമറിക്കെതിരെ കാര്യമായ ശബ്ദങ്ങളൊന്നും ഉയരാതിരുന്നതും ശ്രദ്ധേയമാണ്.
ഈജിപ്ത് ജനാധിപത്യ പ്രക്രിയയിലേക്ക് എത്രയും വേഗം മടങ്ങണം എന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അട്ടിമറിയെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.ഐക്യരാഷ്ട്ര സഭയും പട്ടാള അട്ടിമറിയെ അപലപിക്കാന്‍ തയ്യാറായിട്ടില്ല.അതേസമയം ആഫ്രിക്കന്‍ യൂണിയനിടയില് ഈജിപ്തിലെ സംഭവവികാസങ്ങള്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യം പുനസ്ഥാപിച്ചില്ലെങ്കില്‍ ഈജിപ്തിനെ യൂണിയനില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ പൊതുവെ പട്ടാള അട്ടിമറിയെ സ്വാഗതം ചെയ്യുകയാണ്. ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ അദ്ലി മന്‍സൂറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് സന്ദേശമയച്ചു.
ഹോസ്നി മുബാറക് ഭരണകൂടത്തെ പുറത്താക്കിയ ജനാധിപത്യ കലാപത്തിനു ശേഷം അധികാരമേറ്റ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഭരണകൂടം തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് മുന്നോട്ടുപോയതെന്നാണ് വിമര്‍ശനം.മുര്‍സിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.എന്നാല്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെന്നും പട്ടാളത്തിന്റെ അട്ടിമറി നീക്കത്തെ അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് മുഹമ്മദ് മുര്‍സി.അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിലാണ് മുര്‍സി പ്രതീക്ഷയര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: