കൊച്ചി: സംസ്ഥാനത്തെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) നബാര്‍ഡിന്റെ ധനസഹായത്തോടെ ചാലക്കുടി നദിക്ക് സമീപത്തെ പൊകലപ്പാറയില്‍ നടപ്പിലാക്കുന്ന അലങ്കാര മത്സ്യ കൃഷി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വാഴച്ചാല്‍ ഫോറസ്റ്റ് ഡോര്‍മിറ്ററി പരിസരത്ത് നടക്കും.
സംസ്ഥാന വനവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ് സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കായി കുഫോസ് പദ്ധതി നടപ്പിലാക്കുന്നത്. ഏറെ കച്ചവട സാധ്യതയുള്ള അലങ്കാര മത്സ്യകൃഷി, കാടര്‍, മലയര്‍, ഇരുളര്‍, ചോലനായ്ക്കര്‍ തുടങ്ങിയ ഗോത്രവര്ക്ഷക്കാര് ഉള്‍ക്കൊള്ളുന്ന പിന്നാക്ക ജനതക്ക് മികച്ച സ്വയംതൊഴില്‍ സൃഷ്ടിക്കുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്നതും മത്സ്യസമ്പുഷ്ടവുമാണ് ചാലക്കുടി നദീതീരത്ത് നിലകൊള്ളുന്ന പൊകലപ്പാറയിലാണ് കേന്ദ്രം.
പരമ്പരാഗതമായി മത്സ്യകൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് മതിയായ പരിശീലനം ലഭിക്കാത്തതിനാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ വരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. ഗോള്‍ഡ് ഫിഷ്, എയ്ഞ്ചല്‍, ഗപ്പി, മോളി, സോര്‍ഡ് ടെയ്ല്, ടെട്രസ്, ഡിസ്കസ്, ഓസ്കര് തുടങ്ങിയ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാരുള്ള അലങ്കാര മത്സ്യയിനങ്ങളെയാണ് പ്രാഥമികഘട്ടത്തില്‍ കൃഷി ചെയ്യുക.
കേരളത്തിലാദ്യമായാണ് ആദിവാസികളെ സംരംഭകരായി പരിഗണിച്ച് അലങ്കാര മത്സ്യകൃഷി നടത്തുന്നത്. അനുയോജ്യമായ മത്സ്യങ്ങളെ മാത്രം കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നത് വഴി വനമേഖലയില്‍ വലിയ തോതില്‍ നടക്കുന്ന അനധികൃത മത്സ്യവേട്ടയെ തടയിടാനും പ്രകൃതിപരമായ ജൈവമത്സ്യസമ്പത്ത് സംരക്ഷിക്കാനും പദ്ധതി കൊണ്ട് സാധിക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള ആദിവാസി ഗോത്രവര്ക്ഷക്കാരെയും പിന്നീടുള്ള ഘട്ടങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുപ്പിക്കും.
കുഫോസ് പുതുവൈപ്പ് കാമ്പസിലെ ഫിഷറീസ് സ്റ്റേഷന് തലവന്‍ ഡോ. കെ. ദിനേശ് ആണ് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. കുഫോസ് പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ. സി.മോഹന കുമാരന് നായര്‍, അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എന്‍.സി.ഇന്ദുചൂഢന്, കുഫോസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഡെയ്സി. സി. കാപ്പന് എന്നിവര്‍ കോഇന്വസ്റ്റിഗേറ്റര്മാരാണ്.
പദ്ധതിയുടെ ഉദ്ഘാടനം കുഫോസ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് നിര്‍വ്വഹിക്കും. ബി.ഡി. ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ ഫിഷറീസ് വികസന ബോര്‍ഡ് (എന്‍.എഫ്.ഡി.ബി.) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മധുമിത മുഖര്‍ജി മുഖ്യ അതിഥിയായിരിക്കും. കുഫോസ് രജിസ്ട്രാര്‍ ഡോ. എബ്രഹാം ജോസഫ്, അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ നാസര്‍ കുഞ്ഞ്, ചാലക്കുടി ആദിവാസി ഗോത്ര വികസന ഓഫീസര്‍ ശ്രീനിവാസന്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ടി. ഉഷ, മുരളി ചക്കന്തറ, ഡോ.ഡെയ്സി സി. കാപ്പന്, വാഴച്ചാല്‍ റെയ്ഞ്ച് ഓഫീസര്‍ വീണാദേവി, പൊകലപ്പാറ വനസംരക്ഷണ സമിതി പ്രസിഡണ്ട് കാഞ്ചന തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: