കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം ആരംഭിച്ചതിനുശേഷമുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആല്‍എല്‍) ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം പദ്ധതിക്കായുള്ള സാമ്പത്തിക സ്രോതസ് അടക്കമുള്ള കാര്യങ്ങളും യോഗം പരിശോധിക്കും. ഇന്ന് രാവിലെ 10ന് കെഎംആര്‍എല്‍ ആസ്ഥാനത്ത് വച്ചാണ് യോഗം.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാന് രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡി എന്നിവയുടെ സഹായമാണ് പ്രധാനമായും തേടുന്നത്. ആഭ്യന്തര ഏജന്‍സികളെയും തേടുന്നുണ്ട്.
മെട്രോ പദ്ധതിയുടെ ഭാഗമായി ജലഗതാഗതം കൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളി കനാലിന്റെ റീസര്‍വെ നടത്തി കൈയേറ്റങ്ങള്‍ കണ്ടെത്തണമെന്ന് കെഎംആര്‍എല്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇടപ്പള്ളി ലുലു മാളുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനോടു ചേര്‍ന്നുള്ള സ്ഥലത്തു മാത്രമാണ് പരിശോധന നടത്തിയത്. ആ പരിശോധനയില്‍ ലുലു മാള്‍ കൈയേറ്റം നടത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മെട്രോ റെയില്‍ കടന്നുപോകുന്ന മൂഴുവന്‍ സ്ഥലത്തെയും കൈയേറ്റങ്ങള്‍ പരിശോധിക്കണമെന്ന് കെഎംആര്‍എല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെട്രോയുടെ ഭാഗമായി റെയില്‍, റോഡ്, ജല ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് വിപുലമായ സംവിധാനം ഏര്‍പ്പെടുത്താനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ജലപാതയുടെ വികസനം സുപ്രധാനമാണ്.
മെട്രോ പദ്ധതിക്കായി സാമ്പത്തിക സഹായം നല്കുന്ന ഏജന്‍സികള്‍ ഇത്തരം അനുബന്ധ പദ്ധതികളുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്താണു വായ്പ അനുവദിക്കുന്നത്.
ഫ്രഞ്ച് ഏജന്‍സിയുടെ പ്രതിനിധികള്‍ വായ്പ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുന്നോടിയായി സെപ്റ്റംബറില്‍ വീണ്ടും കൊച്ചിയിലെത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണെങ്കില്‍ വായ്പ സംബന്ധിച്ച അന്തിമ തീരുമാനം ഏജന്‍സിയുടെ ഡിസംബറിലെ ബോര്‍ഡ് യോഗത്തില്‍ തന്നെ ഉണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും വിലയിരുത്തലിനുമായി ഏജന്‍സിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗോട്ടിയര്‍ കോളര്‍ കഴിഞ്ഞയാഴ്ചയും കൊച്ചിയില്‍ എത്തിയിരുന്നു.
ഒട്ടാകെ 5,182 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ 2,170 കോടി രൂപയാണ് വിവിധ ഏജന്‍സികളില്‍ നിന്നു വായ്പയായി കണ്ടൈത്തുന്നത്. 1,085 കോടി രൂപയാണ് ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നു വായ്പ പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന തുക ജെയ്കയില്‍ നിന്നും മറ്റ് ആഭ്യന്തര ധനകാര്യ ഏജന്‍സികളില്‍ നിന്നും കണ്ടെത്താനാണു നീക്കം. മെട്രോ കാക്കനാട്ടേക്കും അങ്കമാലിയിലേക്കും പശ്ചിമകൊച്ചിയിലേക്കും നീട്ടുന്നത് സംബന്ധിച്ച് പഠനത്തിനായുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തുന്ന കാര്യവും തീരിമാനിക്കും. പദ്ധതിയ്ക്കായി സ്ഥലവും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസപദ്ധതി നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തു. മെട്രോ സ്റ്റേഷനുകള്‍ വികസനപദ്ധതികള്‍ സംബന്ധിച്ചും തീരുമാനമെടുക്കും.
പുതിയതായി ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുധീര്‍ മിത്തല്‍, എ.കെ.ഗുപ്ത, വേദമണിതിഹാരി എന്നിവരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കും. യൂണിഫൈഡ് മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യുഎംടിഎ) രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇത് സംബന്ധിച്ചു ബോര്‍ഡ് മീറ്റിംഗ് തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: