കയ്റോ: ഈജിപ്റ്റില്‍ ഇടക്കാല കൂട്ടുകക്ഷി സര്‍ക്കാരിന് ഒരുക്കമാണെന്ന് പുറത്താക്കപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. സൈന്യം നടപടികളാരംഭിച്ചതിനു പിന്നാലെയാണ് അനുരഞ്ജനവുമായി മുര്‍സി എത്തിയിരിക്കുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ നിയന്ത്രിക്കുന്നതിനും ഭരണഘടനാ ഭേദഗതികള്‍ക്കായി സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതിനും ഒരു കൂട്ടുകക്ഷി സര്‍ക്കാരിനാണ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്ന് മുര്‍സിയുടെ വക്താവ് അറിയിച്ചു.
എന്നാല്‍, മുര്‍സിക്ക് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് സര്‍ക്കാര്‍ പത്രമായ അല്‍-അറം റിപ്പോര്‍ട്ട് ചെയ്തു. കരസേനാ കമാന്‍ഡറുടെ പ്രസ്താവന വരുന്നതിനു മുമ്പായി മുര്‍സിയെ അനുകൂലിക്കുന്ന നേതാക്കള്‍ രാജ്യം വിടരുതെന്നും ഉത്തരവുണ്ട്.
വീട്ടുതടങ്കലില്‍ കഴിയുന്ന മുര്‍സിയുടെ കൊട്ടാരത്തിന് ചുറ്റും നൂറു കണക്കിന് സൈനികര്‍ നിലയുറപ്പിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരത്തിനു സമീപത്തെ ഹൈവേയിലൂടെ സൈനികര്‍ പരേഡ് ചെയ്തു. അതിനിടെ സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഈജിപ്റ്റിലെ യുഎസ് എംബസിയില്‍ നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി.
ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാന്‍ യുഎസ് നിര്‍ദേശം നല്കി. അത്യാവശ്യം ജീവനക്കാര്‍ മാത്രം ഓഫിസില്‍ തങ്ങിയാല്‍ മതിയെന്നാണു യുഎസിന്റെ നിര്‍ദേശം. കെയ്റോയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തിലാണു തീരുമാനം.
ഈജിപ്റ്റിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമായെന്നും യുഎസ് അറിയിച്ചു. ഈജിപ്റ്റിലേക്കു യാത്ര ചെയ്യരുതെന്നു പൗരന്മാര്ക്കു യുഎസ് മുന്നറിയിപ്പു നല്കി. ഈജിപ്റ്റിലുള്ള പൗരന്മാര് നാട്ടിലേക്കു മടങ്ങാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: