പനമരം: പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിച്ച് ചീക്കല്ലൂരില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. വയനാട്ടില്‍ വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ചീക്കല്ലൂരിലെ ഇരിപ്പൂ കൃഷി ചെയ്യാവുന്ന നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 ഏക്കറിലധികം സ്ഥലമാണ് സര്‍ക്കാര്‍ വിമാനത്താവളത്തിനുവേണ്ടി അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതോടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുള്ള നൂറോളം വരുന്ന ആദിവാസി കുടുംബങ്ങളുള്‍പ്പെടെ അഞ്ഞൂറോളം കര്‍ഷക കുടുംബങ്ങള്‍ ഇവിടെനിന്ന് ഒഴിച്ചുമാറ്റപ്പെടും. തെറ്റായ വികസന കാഴ്ച്ചപ്പാടിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങാന്‍ കര്‍ഷക ജനത തയ്യാറാകേണ്ടിവരും. കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്നുപറയുന്ന സര്‍ക്കാര്‍ കാര്ഷികഭൂമിക്കും കര്‍ഷകനും ~ഒരുവിലയും കാണുന്നില്ലെന്നാണ് ഈ വികസന ദൗത്യത്തിലൂടെ മനസിലാക്കുന്നത്.
മേച്ചേരി, എരനെല്ലൂര്‍, ചീക്കല്ലൂര്‍ പ്രദേശത്തെ നെല്‍പ്പാടങ്ങളും എടത്തില്‍ കാവും കൊറ്റില്ലവും പി.കെ.കൃഷ്ണദാസ് സന്ദര്‍ശിച്ചു. വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പുഴയും കാവുകളും കുളങ്ങളും വിശാലമായ നെല്‍വയലുകളുമുള്ള ഈ കാര്‍ഷിക ഭൂമി ആറന്മുളക്ക് തുല്യമായ പരിസ്ഥിതി പ്രാധാന്യമുള്ള ജൈവവൈവിധ്യസമ്പന്നമായ ഭൂമിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികലമായ വികസന കാഴ്ച്ചപ്പാടുള്ള ഭരണകൂടം ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയക്കും ഊന്നല്‍ നല്‍കേണ്ട ഇക്കാലത്ത് കുന്നിടിച്ചും വയലല്‍ നികത്തിയും കുളങ്ങള്‍ മൂടിയും പുഴയെ ഗതിമാറ്റി ഒഴുക്കിയും പരിസ്ഥിതിക്ക് കോട്ടം തട്ടിക്കാനാണ് ശ്രമിക്കുന്നത്. കടുവ സങ്കേതം, വന്യമൃഗശല്യം, ജല ലഭ്യത ഇല്ലായ്മ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെയാണ് വിമാനത്താവള വികസനമെന്നപേരില് ദുരിതകണ്ണീര് കുടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ ശ്രമം എന്ത് വിലകൊടുത്തും തടയാന്‍ ഭാരതീയ ജനതാ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് പള്ളിയറ രാമന്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, കൃഷിഭൂമി സംരക്ഷണസമിതി പ്രസിഡണ്ട്്് ഇ.എന്‍.ഗോപാലകൃഷ്ണന്, ബിജെപി സംസ്ഥാന സമിതിയംഗം ടി.എ.മാനു, കൂട്ടാറാ ദാമോദരന്‍ തുടങ്ങിയവര്‍ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: