സാമൂഹ്യ നീതിയുറപ്പാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഇറക്കിയ ‘ശൈശവവിവാഹ പിന്തുണ’ സര്‍ക്കുലറിന്റെ ആനുകൂല്യം നേടിയവര്‍ ഏറെ. സൗജന്യറേഷന് പ്രഖ്യാപിച്ചാല്‍ വാങ്ങാനെത്തുന്നതിനേക്കാള് വേഗത്തിലാണ് സംസ്ഥാന വ്യാപകമായി ശൈശവ വിവാഹം നിയമവിധേയമാക്കാന്‍ അപേക്ഷകരെത്തിയത്. അതുകൊണ്ടുതന്നെ അണിയറയില്‍ ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് വിവാദമായി മാറിയ സര്‍ക്കുലര്‍ ഇറക്കിയതെന്നു ജന്മഭൂമി ലേഖകന്മാര് നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമാകുന്നു.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസാക്കിക്കൊണ്ടുള്ള ആദ്യത്തെ അവ്യക്തസര്ക്കുലറിന്റെ ആനുകൂല്യം മുതലാക്കിയവര്‍ സംസ്ഥാനത്ത് ഏറെയാണ്. വിവിധ ജില്ലകളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണവും സ്വഭാവവും വിശകലനം ചെയ്യുമ്പോള്‍ ഭരണഘടനാ വിരുദ്ധമായ ശൈശവ വിവാഹം സംസ്ഥാനത്തു വ്യാപകമായി നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. അതുകൊണ്ടുതന്നെ ശൈശവ വിവാഹ നിയന്ത്രണ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനു പകരം അവ നിയമവിധേയമാക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതുമായിരിക്കുന്നു. അതേസമയം സംസ്ഥാനത്ത് ഇത്രയേറെ ശൈശവ വിവാഹം നടന്നിട്ട് അതറിയാനോ കണ്ടെത്താനോ തടയാനോ കഴിയാത്ത സര്‍ക്കാരിന്റെ പരാജയവും വെളിപ്പെടുന്നു.
പൊതു സിവില്‍ നിയമം നിലനില്‍ക്കുന്ന രാജ്യത്ത് മുസ്ലിങ്ങള്‍ക്കു മാത്രമായി ഉത്തരവ് ഇറക്കിയതും വിവാദമായിരുന്നു. അപ്പോള്‍ സാമൂഹ്യമായ പ്രശ്നങ്ങളും സാഹചര്യങ്ങളും മൂലം മുസ്ലിം സമുദായം അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാനായിരുന്നു ഈ ഉത്തരവെന്ന മുസ്ലിം സമുദായ നേതാവുകൂടിയായ വകുപ്പു മന്ത്രിയുടെ വാദം തെറ്റാണെന്നു തെളിയിക്കുന്നതാണ് ജന്മഭൂമിക്ക് ലഭിച്ച വിവരങ്ങള്‍. ഉത്തരവ് മുസ്ലിം മതവിഭാഗത്തിനു വേണ്ടിമാത്രമുള്ളതാണെന്നറിയാതെ വിവാഹ സാധുതക്ക് അപേക്ഷിച്ചവരില്‍ ഹിന്ദു മതത്തിലും ക്രിസ്ത്യന്‍ മതവിഭാഗത്തിലും പെടുന്നവരുണ്ട് എന്നതാണു വാസ്തവം. അപ്പോള്‍ ഒരു പൊതു സാമൂഹ്യ പ്രശ്നത്തിനുള്ള പരിഹാരമായല്ല തികച്ചും വിഭാഗീയമായ മതപരിഗണനയിലാണ് ഏതു തരം ഭേദചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഉത്തരവിനെ അനുകൂലിച്ചതെന്നും വിശകലനം വെളിപ്പെടുത്തുന്നു.
ശൈശവ വിവാഹത്തെ ചട്ടപ്രകാരമാക്കുന്ന ആദ്യ ഉത്തരവിനും അതു വിവാദമായപ്പോള്‍ പുതിയൊരുത്തരവിറക്കുന്നതിനും ഇടയില്‍ സംസ്ഥാനത്ത് ആയിരത്തോളം അപേക്ഷകള്‍ വിവിധ രജിസ്ട്രേഷന് ഓഫീസുകളിലേക്ക് എത്തി. എന്നാല്‍ പല തലത്തില്‍ സമ്മര്ദ്ദമുണ്ടായെങ്കില്കൂടിയും സര്‍ക്കുലര്‍ വിവാദമായതോടെ ചില ഓഫീസര്‍മാരെങ്കിലും ധൃതിപിടിച്ചു തീരുമാനമെടുക്കാന്‍ മടിച്ചു. എങ്കില്‍പോലും അപേക്ഷകരില്‍ 30 ശതമാനത്തിലേറെ ശൈശവ വിവാഹത്തിനു നിയമ സാധുത നേടിക്കഴിഞ്ഞുവെന്ന് ജന്മഭൂമി ലേഖകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കാസര്‍കോട് ജില്ലയില്‍നിന്നു കിട്ടിയ പ്രാഥമിക വിവരമനുസരിച്ച് രണ്ടു സര്ക്കുലറിനിടയില് നിയമ സാധുതക്ക് അപേക്ഷിച്ച ശൈശവ വിവാഹങ്ങളുടെ എണ്ണം 86 ആണ്. ഇവിടെ സര്‍ക്കുലര്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമാണെന്ന കാര്യമറിയാതെ ഹിന്ദു വിഭാഗത്തിലുള്ള 11 പേരും അപേക്ഷ നല്കി.
കണ്ണൂരില്‍ 74 അപേക്ഷകളില്‍ 36 ശൈശവ വിവാഹങ്ങള്‍ക്ക് അംഗീകാരം നേടിയെടുത്തു. കോഴിക്കോട് ജില്ലയില്‍ 276 അപേക്ഷകരെത്തി, 14 എണ്ണത്തിനേ അംഗീകാരം കിട്ടിയുള്ളൂ. ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണെങ്കിലും അവിടെ 100-ല്‍ താഴെ അപേക്ഷകരേ സര്‍ക്കാരിനു മുന്നില്‍ എത്തിയുള്ളു. അവയില്‍തന്നെ പത്തില്‍ താഴെ പേര്‍ക്കേ അംഗീകാരം ലഭിച്ചുള്ളു.
സര്‍ക്കുലര്‍ വിവാദമായതോടെ വയസ്സ് തികയാത്ത വിവാഹം റിപ്പോര്‍ട്ടു ചെയ്താല്‍ അത് പിന്നീട് അപകടമാകുമെന്ന ഭയത്തിലാണ് പലരും പിന്‍വാങ്ങിയതെന്നാണ് വിവരം. മാത്രമല്ല, വിവാദത്തെ തുടര്‍ന്ന് പല ഉദ്യോഗസ്ഥരും അപകടം ഭയന്നു പിന്മാറുകയും ചെയ്തു. ചില ജില്ലകളില്‍ ഉദ്യോഗസ്ഥര്‍തന്നെ അപേക്ഷകരെ നിരുത്സാഹപ്പെടുത്തിവിട്ടു. അതിനാല്‍തന്നെ ശൈശവ വിവാഹം നടന്നതു സംബന്ധിച്ച രേഖകള്‍ പോലും സര്‍ക്കാരില്‍ എത്താതിരിക്കാന്‍ അവര്‍ കൂട്ടുനിന്നു. ചില ജില്ലകളില്‍ ചില സംഘടനകള്‍ അപക്ഷകരെ പിന്തിരിപ്പിച്ചതായും വിവരമുണ്ട്.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: