മൂവാറ്റുപുഴ: മതഭ്രാന്തന്മാരുടെ കൊടുംക്രൂരതയ്ക്ക് ഇരയായ കോളേജ് അധ്യാപകനെ സര്‍ക്കാരും കൈവിട്ടു. പ്രവാചകനിന്ദ ആരോപിച്ച് മതതീവ്രവാദികള്‍ കൈവെട്ടി മാറ്റിയ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ തുടര്‍ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനമാണ് പാഴ്വാക്കായി മാറിയത്. 2010 ജൂലൈ നാലിന് ഉണ്ടായ ക്രൂരതയ്ക്ക് നാളെ മൂന്നു വര്‍ഷം തികയുമ്പോള്‍ അര്‍ഹതപ്പെട്ട ആനുകൂല്യം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രൊഫ. ജോസഫ് പറയുന്നു.
തുടക്കത്തില്‍ സഹകരിച്ച ഇടതുവലത് രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ല. ചികിത്സയ്ക്കായി പത്തുലക്ഷം രൂപയിലധികം ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണ്. മുന്‍ ഇടത് സര്‍ക്കാരാണ് ചെലവുകള്‍ വഹിക്കുമെന്ന് പറഞ്ഞത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരും മൗനം പാലിക്കുന്നു. സര്‍വീസ് കാലത്തെ നാലുലക്ഷം രൂപയ്ക്കായി റീ ഇംബേഴ്സ്മെന്റിനും അപേക്ഷ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
അക്രമത്തിനിരയായ തന്നെ കോളേജ് മാനേജ്മെന്റ് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തീരുമാനമാകാതെ നീളുന്നു. ഒരുവര്‍ഷം കൂടി മാത്രമാണ് സര്‍വീസ് കാലാവധി ഉള്ളത്. ഇതുവരെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് മാനേജ്മെന്റ് ശ്രമമെന്നും പ്രൊഫസര്‍ പറഞ്ഞു.
പ്രൊഫസറുടെ കൈവെട്ടിമാറ്റിയ കേസില്‍ ആകെ 52 പ്രതികളാണുള്ളത്. ഇതില്‍ 40 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴു പ്രതികളില്‍ അഞ്ചുപേര്‍ വിചാരണ നേരിടുകയാണ്. പ്രധാനപ്രതി നാസറുള്‍പ്പെടെ രണ്ടുപേര്‍ വിദേശത്ത് ഒളിവിലാണ്. ഏപ്രില്‍ 29ന് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഒരുദിവസം മാത്രമാണ് കോടതി കേസ് പരിഗണിച്ചത്. ജഡ്ജി മാറിയതിനാല്‍ വിചാരണ വീണ്ടും നീട്ടി. ഈ മാസം എട്ടിന് വിചാരണ പുനരാരംഭിക്കും. രഹസ്യവിചാരണയാകും നടക്കുക. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാന്‍ മതതീവ്രവാദ സംഘടനകള്‍ ശ്രമിച്ചിരുന്നു. ഈ നീക്കം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി തടഞ്ഞിരുന്നു. മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുകയാണെന്ന് പ്രൊഫസര്‍ പറഞ്ഞു. അവര്‍ക്ക് ജോലി ലഭിച്ചാല്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലാണ് ജോസഫും കുടുംബവും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: