തിരുവല്ല: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും 5 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടുകൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവായി. നെടുമ്പ്രം മണക്ക് ഹോസ്പിറ്റല്‍ ഉടമ പീറ്റര്‍ മണക്കില്‍ നിന്നും സോളാര്‍ ലാമ്പ് നല്‍കാമെന്ന വാഗ്ദാനത്തില്‍ നാല് ലക്ഷം രൂപാ വാങ്ങിയെന്ന കേസിലാണ് സരിത എസ്. നായരെ കോടതിയില്‍ ഹാജരാക്കിയത്. കല്ലൂപ്പാറ പട്ടേരില്‍ വീട്ടില്‍ മാത്തുണ്ണി മകന് ഏബ്രഹാമിനോട് ഒരുലക്ഷംരൂപാ കൈപ്പറ്റിയ കേസിലും പീറ്റര്‍ മണക്ക് നല്കിയ കേസിലും ബിജുരാധാകൃഷ്ണന് പ്രതിയാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലില്ലിവിജയകുമാറിന് മുമ്പാകെ ഹാജരാക്കിയ പ്രതികള്‍ക്കു വേണ്ടി അഡ്വ.എം.ടി. ബാബു, അഡ്വ. ഫെനി ബാലകൃഷ്ണന് എന്നിവര്‍ ഹാജരായി. വാദിഭാഗത്തിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍. ജലജ 5 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ ചോദിച്ചത്. ബിജു രാധാകൃഷ്ണന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ആരോഗ്യനില കണക്കാക്കി കസ്റ്റഡി ഒരു ദിവസമായി കുറയ്ക്കണമെന്നും ബിജുവിന്റെ അഭിഭാഷകന് എം.ടി. ബാബു കോടതിയെ അറിയിച്ചു. അഭ്യര്‍ഥന കോടതി നിരസിച്ച് അഞ്ചാം തീയതിവരെ കസ്റ്റഡിയില്‍വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.
കനത്ത പോലീസ് ബന്തവസ്സിലായിരുന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി ശേഷം പത്തനംതിട്ടയില്‍ വന്ന് സരിതയുമായാണ് അന്വേഷണഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി റ്റി.ജി. പ്രസന്നകുമാര്‍ തിരുവല്ലയിലെത്തിയത്. ഉച്ചയ്ക്ക് 2 മണിക്ക് പ്രതികളെ ഹാജരാക്കുമെന്ന അഭ്യൂഹം പരന്നതോടെ കോടതിവളപ്പ് 2 മണിമുതല്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നീണ്ട കാത്തിരിപ്പിന് ശേഷം 3.45 നായിരുന്നു പോലീസ് അകമ്പടിയോടെ കോടതിവളപ്പില്‍ പ്രതികളെത്തിയത്. 3.50ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 4.45 ഓടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഡിവൈഎസ്പി തമ്പി എസ്. ദുര്‍ഗാദത്ത്, സി.ഐമാരായ ബീന വര്‍ഗീസ്, മല്ലപ്പള്ളി സി.ഐ നന്ദകുമാര്‍, തിരുവല്ല എസ്.ഐ പി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് പ്രതികളെ കോടതിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: