പമ്പാവാലി: ശബരിമല വനമേഖലയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ വനംകൊള്ളക്കാര്‍ മുറിച്ചുകടത്തി. ശബരിമല വനാതിര്‍ത്തി മേഖലയായ നാറാണംതോട് മേഖലയില്‍ നിന്നാണ് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്. ശബരിമല റോഡില്‍ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളിലായി നാല് വന്‍ തേക്ക് മരങ്ങളാണ് മുറിച്ചു കടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
ഓരോ തേക്ക് മരത്തിനും 40 മുതല്‍ 50 ഇഞ്ച് വരെ വണ്ണമു ണ്ടെന്നും തടികള്‍ ലക്ഷങ്ങള്‍ വിലമതിക്കുമെന്നും നാട്ടുകാര്‍ പറ ഞ്ഞു. നാറാണംതോട്ടില്‍ നിന്നും വനത്തിലേക്ക് പോകുന്നതിനായി വനപാലകര്‍ തന്നെ വെട്ടിത്തെളിച്ച റോഡില്‍കൂടിയാണ് വനം കൊള്ളക്കാര്‍ തടിവെട്ടി കടത്തിയത്.
ശബരിമല റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി റോഡരുകില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഓവുകളില്‍ വനത്തിലെ പാഴ്തടികള്‍ വെട്ടിനിറച്ചാണ് വാഹനങ്ങള്‍ വനത്തിനുള്ളില്‍ കടത്തിയതെന്നും തെളിവായിട്ടുണ്ട്. പത്തനംതിട്ട-റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഈ വനമേഖലയില്‍ ഇത്തരത്തില്‍ വ്യാപകമായ വനംകൊള്ള നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ മറവിലാണ് തടികള്‍ മുറിച്ചുകടത്തിയതെന്നു കരുതുന്നു. എന്നാല്‍ വനംകൊള്ളയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും വനപാലകര്‍ അന്വേഷണ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോയ നാട്ടുകാര്‍ കണ്ടെത്തിയ മരക്കുറ്റികളെ സംബന്ധിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് വനംകൊള്ള നടന്നതായി മനസ്സിലായത്.
വനത്തിലേക്ക് പോകുന്നതിനായി വെട്ടിയറോഡില് സ്ഥാപിച്ച് ഇരുമ്പ് ഗെയ്റ്റ് എടുത്തുമാറ്റിയ ശേഷമാണ് വനം കൊള്ളക്കാര്‍ തടി വാഹനത്തില്‍ കയറ്റിയതെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നടന്ന വനംകൊള്ള യഥാസമയം വനപാലകര്‍ അറിഞ്ഞില്ലെന്നും പരാതിയുണ്ട്. വെട്ടിയ തടികള്‍ കടത്താന്‍ പ്രധാനമായും ഉപയോഗിക്കുന്ന റോഡുകളിലൊന്നും തടികടത്തിയ വിവരങ്ങള്‍ ലഭ്യമല്ലെന്നും പറയുന്നു. ശബരിമല വനമേഖലയില്‍ വനംകൊള്ള ഇത് ആദ്യത്തേത് അല്ലെങ്കിലും മിക്ക കൊള്ളയും വനപാലകരുടെ ഓഫീസിനോട് ചേര്‍ന്ന മേഖലയില്‍ നിന്നുമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
എസ്. രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: