കൊച്ചി: അടിയന്തര ഘട്ടങ്ങളില്‍ സേവനം നല്കുന്ന 108 ആംബുലന്‍സിന്റെ പേരില്‍ രാജസ്ഥാനിലും അഴിമതിയാരോപണം. കേരളത്തില്‍ നടന്നതായി പറയപ്പെടുന്ന തട്ടിപ്പിന് സമാനമായ രീതിയില്‍ സിഗിട്സ (ZQIRTZA) ഹെല്‍ത്ത് കീയര്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനി രാജസ്ഥാനില്‍നിന്നും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നത്. 300 ആംബുലന്‍സുകളാണ് ദേശീയ ഗ്രാമീണ ആരോഗ്യമിഷന് (എന്‍ആര്‍എച്ച്എം) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. ഓടാത്ത ദൂരത്തിന് ബില്ലെഴുതി പ്രതിമാസം കോടിക്കണക്കിന് രൂപ ഖജനാവില്‍നിന്നും തട്ടിയെടുത്തതായി രാജസ്ഥാനിലെ എന്‍ആര്‍എച്ച്എം കണ്ടെത്തിയിരുന്നു.
മുംബൈയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് ‘സിഗിട്സ’ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, വയലാര്‍ രവി എന്നിവരുടെ മക്കളായ കാര്‍ത്തി ചിദംബരം, രവി കൃഷ്ണ, കോണ്‍ഗ്രസ് ഉന്നതന്റെ മകള്‍ സ്വേതാമംഗള് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കമ്പനി ഡയറക്ടറും മുഖ്യ പങ്കാളിയുമാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാഫി മേത്തര്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഓഹരി പങ്കാളികളാണെന്നതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി ദേശീയ സെക്രട്ടറി ഡോ. കിരിത് സോമയ്യ 2012 മാര്‍ച്ച് 10ന് ജയ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ‘സിഗിട്സ’യുടെ അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 108 ആംബുലന്‍സിന്റെ മറവില്‍ കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും മക്കള്‍ കോടികളുടെ തട്ടിപ്പാണ് നടത്തുന്നതെന്ന് സോമയ്യ വ്യക്തമാക്കിയിരുന്നു. ഷാഫി മേത്തര്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരാണെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ബിജെപി ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
108 ആംബുലന്‍സിന്റെ മറവില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലിനും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്കും ബിജെപി പരാതിയും നല്‍കിയിരുന്നു. വിഷയം രാജസ്ഥാന് നിയമസഭയില്‍ പാര്‍ട്ടി ഉന്നയിച്ചെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നുവെന്ന് രാജസ്ഥാന് മുന്‍ മന്ത്രി ദിഗംബര്‍ സിംഗും പാര്‍ട്ടി വക്താവ് സുനില്‍ ഭാര്‍ഗവയും കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ‘സിഗിട്സ’യുടെ നിയന്ത്രണത്തില്‍ 108 ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. കരാര്‍പ്രകാരം പ്രതിമാസം 2000 കിലോമീറ്ററില്‍ കൂടുതല്‍ ഓടിയാല്‍ അതിന് പ്രത്യേക ബില്‍ നല്കി കമ്പനിക്ക് സര്‍ക്കാരില്‍നിന്നും പണം വാങ്ങാം. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഓടാത്ത ദൂരത്തിന് ബില്ലെഴുതി ഖജനാവില്‍നിന്നും കമ്പനി പണം തട്ടിയിരുന്നുവെന്നാണ് ആക്ഷേപം. അഴിമതി പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്ക്കെതിരെയും ആരോപണമുയര്‍ന്നു. മേത്തര്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയത്. എന്നാല്‍ വിവാദത്തില്‍നിന്നും തലയൂരാനും തെറ്റിദ്ധാരണ പരത്താനുമാണ് പത്രക്കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. സിഗിട്സ ഹെല്‍ത്ത് കീയര്‍ എന്ന കമ്പനിയുടെ ചെയര്മാന് സ്ഥാനം വഹിക്കുന്നത് ഷാഫി മേത്തറാണെന്നാണ് വിവരം.
ആംബുലന്‍സ് സര്‍വീസിന് സര്‍ക്കാര്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്നലെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കമ്പനിയുടെ ഡയറക്ടറല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വെളിപ്പെടുത്തല്‍ കളവാണെന്നും വി.എസ് പറഞ്ഞിരുന്നു.
അഴിമതിയാരോപണം ഉയര്‍ന്ന ‘സിഗിട്സ’യില്‍നിന്നും 108 ആംബുലന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നതിലുപരി കുടുംബസുഹൃത്ത് കൂടിയാണ് ഷാഫി മേത്തര്‍. കൂടാതെ രാഹുല്‍ഗാന്ധിയുടെയും അടുപ്പക്കാരനാണ് മേത്തര്‍.
എം.കെ. സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: