കോഴിക്കോട്: സര്‍ഗാത്മക രചനയില്‍ യുവജനങ്ങളും വിദ്യാര്‍ത്ഥികളും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയും കവിയുമായ നിരുപമ മേനോന് റാവു അഭിപ്രായപ്പെട്ടു. പുറം ലോകത്തെ സന്തോഷങ്ങളും സങ്കടങ്ങളും കണ്ണീരും പുഞ്ചിരിയും ഉള്ളിലേക്ക് ഒപ്പിയെടുക്കാന്‍ മനസ്സുള്ള കാഴ്ചക്കാരനാകാന്‍ സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ മഴ കനക്കുന്നു എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം രാഷ്ട്രത്തിന് വളരെയേറെ സംഭാവന ചെയ്തിട്ടുണ്ട്. ഇവിടെ ജനിച്ച് വളര്‍ന്നുവെങ്കിലും ബാല്യത്തിലും യൗവനത്തിലും ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയാതിരുന്നതില്‍ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലാ പബ്ലിക്കേഷന്‍ വിഭാഗമാണ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. പ്രൊഫ.എം.എന്‍.കാരശ്ശേരിയാണ് പരിഭാഷകന്.
നയതന്ത്ര വിദഗ്ദനും കേരള സ്റ്റേറ്റ് ഹയര്‍ എജ്യോൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പിശ്രീനിവാസനാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ സിനിമയിലെ വൈകാരികത ഉണര്‍ത്തുന്ന പല സന്ദര്‍ഭങ്ങളും ഗാനങ്ങളും മഴയെ ആധാരമാക്കിയായിരുന്നുവെന്ന് ടി.പി. ശ്രീനിവാസന് പറഞ്ഞു.
ഗൃഹാതുരത്വത്തിന്റെ ഭാവം ശോകമാണ്. ശോകഭാവത്തിന് അനുയോജ്യമായ ബിംബമാണ് മഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യകാരി പി.വല്‍സല പുസ്തകം ഏറ്റു വാങ്ങി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അദ്ധ്യക്ഷതവഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം നിരുപമ മേനോന് റാവുവിനെ പരിചയപ്പെടുത്തി. സര്‍വ്വകലാശാലയുടെ ഉപഹാരവും വൈസ് ചാന്‍സലര്‍ സമ്മാനിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മങ്ങാട് പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. എം.എന്‍. കാരശ്ശേരി പരിഭാഷയെ കുറിച്ച് വിവരിച്ചു. സിന്റിക്കേറ്റംഗങ്ങളായ ആര്.എസ്.പണിക്കര്‍, ടി.വി.ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.കെ. രവീന്ദ്രനാഥ് സ്വാഗതവും രജീസ്ട്രാര്‍ ഡോ. ഐ.പി. അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: