കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസ് മുഖ്യമായും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് എന്നുള്ളതിനാല്‍ മുഖ്യമന്ത്രിയെ പോലീസ് ചോദ്യം ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. കല്‍പ്പറ്റയില്‍ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ കൊള്ളയടിച്ച തട്ടിപ്പ് സംഘം വിവിധ ഏജന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു. കരാര്‍ ഏറ്റതും പണം കൈമാറിയതും ഓഫീസില്‍ വെച്ചുതന്നെ. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് സോളാര്‍. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിലുള്ള പങ്ക് എന്തെന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസിലാക്കാന്‍ കഴിയൂ. ആഭ്യന്തര മന്ത്രി പറയുന്നത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവരേണ്ടെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ്. ഇത് അന്വേഷണത്തിലുള്ള കൈകടത്തലാണ്. അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ പ്രസ്താവന. മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാല്‍ മാത്രമാണ് ഈ കേസ് അട്ടിമറിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമമാരംഭിച്ചിട്ടുള്ളത്.
മുന്‍ കെപിസിസി പ്രസിഡണ്ട് സി.കെ.ഗോവിന്ദന് നായര്‍ മുസ്ലീം ലീഗിനെ സംബന്ധിച്ച് രേഖപ്പെടുത്തിയ കാലിക പ്രസക്തിയുള്ള പ്രസ്താവന ശരിയാണെന്ന് ബോധ്യമുള്ള കോണ്‍ഗ്രസുകാര്‍ ലീഗുമായുള്ള ബന്ധം വേര്‍പെടുത്തുമെന്ന് കൃഷ്ണദാസ് മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ ലീഗുമായി ബന്ധം തുടരുന്നവര്‍ ലീഗിനെ വിമര്‍ശിക്കുന്നത് തട്ടിപ്പാണ്. ആര്യാടന് മുഹമ്മദിന്റേയും കെ.മുരളീധരന്റേയും പ്രസ്താവനയില്‍ കഴമ്പുണ്ടെങ്കില്‍ ഇവര്‍ രമേശ് ചെന്നിത്തല ലീഗ് നേതാക്കളോട് മാപ്പ് ചോദിച്ചതിനെതിരെ പ്രതികരിക്കണം. രമേശ് ചെന്നിത്തല ലീഗ് നേതാക്കളോട് മാപ്പ് ചോദിച്ചത് കോണ്‍ഗ്രസിന് അപമാനമാണ്, കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: