ശൈശവ വിവാഹത്തിനു നിയമസാധുത നല്കുന്ന വിവാദ സര്ക്കുലറിന്മേല് ഇപ്പോള്‍ രജിസ്ട്രേഷന് നടക്കുന്നില്ല. ഇനിയും പല ഓഫീസുകളിലും പുതുക്കിയ ഉത്തരവു കിട്ടിയിട്ടില്ലെന്നു പറയുന്നുണ്ട്. അതിനിടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ശൈശവ വിവാഹം നടത്തിയെന്നതിന്റെ ആധികാരിക രേഖയായി സര്‍ക്കാരിനു കിട്ടുന്ന വിവരമാകുമെന്നും ഭാവിയില്‍ ചിലപ്പോള്‍ നിയമ നടപടികള്‍ക്ക് അതുവഴി വെക്കുമെന്നുമുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ ചിലര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ തീര്പ്പാകുമ്പോള് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു വന്നാല്‍ നിയമം ലംഘിച്ചുള്ള വിവാഹം അംഗീകരിക്കാന്‍ കൂട്ടുനിന്നതിനു കുടുക്കിലായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്കും ഭയമുണ്ട്.
രണ്ട് ഉത്തരവുകള്ക്കിടയ്ക്കുള്ള കാലത്ത് ഓരോ ജില്ലകളില്‍നിന്നും ശൈശവ വിവാഹം അംഗീകരിച്ചതു സംബന്ധിച്ചു ജന്മഭൂമി ലേഖകര്‍ ശേഖരിച്ച ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയാണ്-
കാസര്‍കോട് ജില്ലയില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാതെ നത്തിയ ശൈശവ വിവാഹങ്ങള്‍ക്ക് നിയമസാധുത നേടാന്‍ രജിസ്റ്റാര്‍ ഓഫീസില്‍ ലഭിച്ചത് 86 അപേക്ഷകളാണ്. ഇതില്‍ 75 എണ്ണം മുസ്ലിം വിഭാഗത്തില്‍നിന്നും 11 എണ്ണം ഹിന്ദു സമുദായങ്ങളില്നിന്നുമാണ്. ഇതില്‍ 37മുസ്ലിം അപേക്ഷകര്‍ക്ക് അനുമതി നല്കി. മഞ്ചേശ്വരത്തുനിന്ന് ആറും പടന്നയില്‍നിന്ന് അഞ്ചും അപേക്ഷകള്‍ക്ക് അനുമതി കിട്ടി. കാഞ്ഞങ്ങാടുനിന്നുള്ള മൂന്നെണ്ണവും കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍നിന്നുള്ള മൂന്നെണ്ണവുമുള്പ്പെടെ 27 അപേക്ഷകളില്‍ തീരുമാനമാകാതെയുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നടന്നത് ആകെ 74 രജിസ്ട്രേഷനുകളാണെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ര് ഓഫീസില്‍നിന്നു ലഭിച്ച വിവരമാണിത്. ഇതില്‍ 36 ഏണ്ണം അനുവദിച്ചു. 33 ഏണ്ണം തള്ളിയെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചെണ്ണം പരിഗണനയിലാണ്. കൊളച്ചേരി പഞ്ചായത്ത് (11), കണ്ണൂര്‍ നഗര സഭ (9),തലശ്ശേരി നഗരസഭ (6) എന്നിവിടങ്ങളിലാണ് കൂടുതല്‍ രജിസ്ട്രേഷനുകള്‍ നടന്നത്. വിവാദമായതിനെ തുടര്ന്ഞ്ചില പഞ്ചായത്തുകള്‍ ഇതു സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് നല്‍കിയിട്ടില്ല. അതിനാല്‍ കണക്കുള്‍ പൂര്‍ണമല്ല.
കോഴിക്കോട് ജില്ലയില്‍ 267 അപേക്ഷകളാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിച്ചത്. അതില്‍ 14 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 253 അപേക്ഷകള്‍ നിരസിക്കപ്പെട്ടു. 14 അപേക്ഷകളും മുസ്ലിം മതവിഭാഗത്തില്പ്പെട്ടവരുടെതായിരുന്നു. 2013 ഏപ്രില്‍ ആറിനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 14 വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്തു കൊടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
വയനാട്ടിലെ 25 പഞ്ചായത്തിലും, ഒരു മുനിസിപ്പാലിറ്റിയിലുമായി ജൂണ്‍ 15 മുതല്‍ 26 വരെ 14 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ നിയമത്തിന്റെ മറപിടിച്ച് ഇതിന് ശേഷം നടന്ന വിവാഹങ്ങളും മുന്‍കാലങ്ങളില്‍ നടന്നതായി രേഖപെടുത്തി വിവാഹരജിസ്ട്രഷന് എത്തിചേരാന്‍ സാധ്യതയുള്ളതായി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പല വിവാഹങ്ങളും മുസ്ലിം പള്ളികളില്‍ നടന്നതായിട്ടുള്ള രേഖയുമായാണ് രജിസ്ട്രേഷന് എത്തിചേരുന്നതെന്നതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം നടന്നത് 2861 ശൈശവ വിവാഹങ്ങള്‍. ഇത് 2011ലെതിനേക്കാള്‍ 98 എണ്ണം കൂടുതലാണ്. ജില്ലയില്‍ മങ്കട, പെരിന്തല്‍മണ്ണ, കാളികാവ്, വണ്ടൂര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. വിവാദ സര്‍ക്കുലറിനെ തുടര്‍ന്ന് മങ്കടയിലെ രജിസ്ട്രേഷന് ഓഫീസില്‍ ശൈശവ വിവാഹങ്ങള്‍ നിയമപരമാക്കാന്‍ 60 ഓളം അപേക്ഷകള്‍ ലഭിച്ചെങ്കിലും നാലെണ്ണത്തില്മാത്രമാണ് രജിസ്ട്രേഷന് നടത്തിയത്. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ 18 അപേക്ഷകളും പെരിന്തല്‍മണ്ണയില്‍ എട്ടെണ്ണവും ലഭിച്ചിട്ടുണ്ട് എന്നാല്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല. പല പഞ്ചായത്ത് സെക്രട്ടറിമാരും ഇത് സംബന്ധിച്ച് തീരുമാനമെടുക്കാതെ അപേക്ഷകള്‍ വാങ്ങിവച്ചിരിക്കുകയാണ്. വണ്ടൂരില്‍ പത്ത് അപേക്ഷകള്‍ തള്ളിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ അറുപതോളം ശൈശവവിവാഹം വിവാദ ഉത്തരവിനു ശേഷം നടന്നതായാണ് ഇതുവരെ കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു കണക്കും ഔദ്യോഗികമായി ഇല്ലെന്ന് ജില്ലാ രജിസ്ട്രാര്‍ എ.സതീഷ് പറഞ്ഞു. 1954 ലെ വിവാഹരജിസ്ട്രര് നിയമപ്രകാരമാണ് ഇവിടെ രജിസ്ട്രര്‍ നടക്കുന്നത്. അതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ പന്ത്രണ്ട് ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം മുസ്ലിം സമുദായത്തില്‍പെട്ടവരാണ്. ഏറ്റവും കൂടുതല്‍ ശൈശവവിവാഹം റിപ്പോര്‍ട്ട് ചെയ്തത് വള്ളത്തോള്‍ നഗറിലാണ് ആറെണ്ണം. ചേലക്കര രണ്ട്, മതിലകം, പാറളം, താന്ന്യം, തോളൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നും വീതമാണ് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചേര്‍ക്കപ്പെട്ടത്. യഥാര്‍ത്ഥ കണക്ക് ഇതിലും അധികമായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഉത്തരവ് വിവാദമായതോടെ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നതാണ് പലരും രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നതിന് കാരണം.
കൊല്ലം ജില്ലയില്‍ 18 വയസിന് താഴെയുള്ളവരുടെ 17 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2009 മുതല്‍ നടന്ന ഈ വിവാഹങ്ങളില്‍ പതിനൊന്നും മുസ്ലിം വിഭാഗത്തില്‍പെട്ടതാണ്. മൂന്നെണ്ണം ക്രിസ്ത്യന്‍ വിവാഹങ്ങളും ശേഷിക്കുന്നത് മറ്റ് വിഭാഗങ്ങളില്പ്പെട്ടവരുടേതുമാണ്. ചിതറ, കരവാളൂര്‍ പഞ്ചായത്തുകളില്‍ മൂന്നും ഇടമുളയ്ക്കല്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ രണ്ടും വീതം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലമേല്‍, കടയ്ക്കല്‍, കല്ലുവാതുക്കല്‍, തൃക്കടവൂര്‍, കുളത്തൂപ്പുഴ പഞ്ചായത്തുകളിലും പറവൂര്‍ മുന്‍സിപ്പാലിറ്റി, കൊല്ലം കോര്പ്പറേഷന് പരിധികളിലുമായി ഓരോന്നു വീതം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ മാര്യേജ് രജിസ്ട്രേഷന് ഡോക്യുമെന്റില്‍ ചൂണ്ടിക്കാട്ടുന്നു.
2009ല്‍ നടന്ന ഒന്നും 2010ലെ നാലും 2012ലെ അഞ്ചും വിവാഹങ്ങളാണ് വിവാദസര്‍ക്കുലര്‍ പുറത്തിറങ്ങി പിന്വലിക്കുന്നതുവരയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷിക്കുന്ന ഏഴ് വിവാഹങ്ങളും ഈ വര്‍ഷത്തേതാണ്. രജിസ്ട്രേഷന് വേണ്ടി ഈ കാലയളവില്‍ നിരവധി കേസുകള്‍ വന്നുവെങ്കിലും സര്‍ക്കുലര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അത്തരം അപേക്ഷകള്‍ തള്ളുകയായിരുന്നു.
ആലപ്പുഴ ജില്ലയില്‍ എട്ട് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നറിയിച്ചു. വിവാദ സര്‍ക്കുലര്‍ ഇറങ്ങി ജൂണ്‍ 13നും 27നും ഇടയിലുള്ള ഈ രണ്ടാഴ്ചയിലാണ് എട്ട് വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വിവാഹങ്ങളെല്ലാം തന്നെ നേരത്തെ നടന്നതാണ്.
രജിസ്റ്റര്‍ ചെയ്ത എട്ട് വിവാഹങ്ങളും മുസ്ലിം മതവിഭാഗത്തില്പ്പെട്ടവരുടേതാണ്. കഴിഞ്ഞമാസം 27 വരെ നടന്ന ശൈശവ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്കി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ 29 ഓടെയാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ എത്തിയിട്ടുള്ളത്. ഇത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ജൂലൈ ആദ്യവാരത്തോടുകൂടിയേ കിട്ടുകയുള്ളൂ. ഈ സാഹചര്യത്തില്‍ നേരത്തെ നടന്ന ശൈശവ വിവാഹങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുണ്ട്. 2008 മുതല്‍ 2013 ജൂണ്‍ 27 വരെ നടന്ന ശൈശവ വിവാഹങ്ങളായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക.
തിരുവനന്തപുരം ജില്ലയില്‍ ഈ ഉത്തരവ് വരുന്നതിനു മുമ്പായി തന്നെ പതിനെട്ടു വയസ്സുതികയാത്ത പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ചിരുന്ന അപേക്ഷകള്‍ ആകെ 216 എണ്ണമാണ്. അതില്‍ മുസ്ലിം-84, ഹിന്ദു- 111,ക്രിസ്ത്യന്‍- 21 എന്നിങ്ങനെയാണ് കണക്കുകള്‍. വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രജിസ്ട്രേഷന് അനുമതി നല്‍കിയത് ആകെ 15 എണ്ണമാണ്. മുസ്ലിം-1,ഹിന്ദു- 4, ക്രിസ്ത്യന്‍- ഒന്ന് എന്ന പ്രകാരത്തില്‍. 191 അപേക്ഷകള്‍ നിരസിച്ചു. 10 എണ്ണത്തില്‍ തീരുമാനം എടുത്തിട്ടില്ല. പതിനാറു വയസ്സിലും താഴെയുള്ളതും ശരിയായ രേഖകളില്ലാത്തതുമായ അപേക്ഷകളാണ് നിരസിച്ചിട്ടുള്ളത്.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: