ന്യൂദല്‍ഹി: പെരിയാര്‍ നദിയില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആലുവ മണപ്പുറത്ത് നിര്‍മ്മിച്ച കെടിഡിസി റെസ്റ്റോറന്റ് അടിയന്തിരമായി പൊളിച്ചുമാറ്റാനും കോടതി നിര്‍ദേശം നല്കി. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചാണ് ഹോട്ടല്‍ പണിതിരിക്കുന്നതെന്ന് കോടതി കണ്ടെത്തി.
തീരപ്രദേശങ്ങളില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് 1976ലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാതെയാണ് ആലുവ മണപ്പുറത്ത് 2006ല്‍ പുഴ കൈയ്യേറി കെടിഡിസി ഭക്ഷണശാല നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന് ഓഫ് എന്വയേണ്മെന്റല് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയത്.
കേസ് പരിഗണിച്ച കോടതി കെടിഡിസിയുടെ ഭക്ഷണശാല എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടു. കെട്ടിടം പൊളിച്ചുനീക്കാതിരിക്കാന്‍ മതിയായ യാതൊരു രേഖയും സുപ്രീംകോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ കെടിഡിസിക്ക് കഴിഞ്ഞില്ല. പെരിയാര്‍ നദിക്കരയില്‍ വാണിജ്യ അടിസ്ഥാനത്തിലോ അല്ലാതെയോ യാതൊരു നിര്‍മാണവും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
പുഴയ്ക്കുള്ളില്‍ കേരള ടൂറിസം പ്രമോഷന് കൗണ്‍സിലോ വ്യക്തികളോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിന് കോടതി അംഗീകാരം നല്കി. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്നും ജസ്റ്റിസ് ജി.എസ് സിംഗ്വി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി.
നേരത്തെ ഈ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: