കൊച്ചി: പാരിസ്ഥിതികപ്രശ്നങ്ങളിലും വികസന നയത്തിലും സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആര്‍എസ്എസ്. പരിസ്ഥിതിക്ക് ഹാനികരവും വികസന വിരുദ്ധവുമായ എല്ലാത്തരം പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ആര്‍എസ് എസ് പ്രാന്തീയ കാര്യകാരി മണ്ഡല് അംഗീകരിച്ച പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രകൃതിവിരുദ്ധ വികസന പദ്ധതികള്‍ കേരളത്തെ ശ്മശാനമാക്കി മാറ്റുമെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ആറന്മുള പൈതൃക ഗ്രാമത്തിലെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും പുഴകളും നികത്തി വിമാനത്താവളമുണ്ടാക്കാന്‍ നടത്തുന്ന ശ്രമം ഇതിനുദാഹരണമാണ്.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ മത, രാഷ്ട്രീയ നേതൃത്വം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ.്കേരളം പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ് എന്ന സൂചന വായിച്ചെടുക്കാന്‍ കഴിയുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള ഭൂപരിഷ്ക്കരണ നിയമം കാലഹരണപ്പെട്ടതാകയാല്‍ ഭൂരഹിത ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം ഭൂനിയമം സമഗ്രമായി പരിഷ്ക്കരിക്കണമെന്നും പ്രാന്തീയ കാര്യകാരി മണ്ഡല് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഹെക്ടര്‍ തോട്ടങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുത്തകപ്പാട്ടത്തിന് കൊടുത്ത സര്‍ക്കാരിന്റെ ഭൂമി മിച്ച ഭൂമിയായി കണ്ടെത്താനും ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനും കഴിഞ്ഞിട്ടില്ല. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ വനവാസി സഹോദരങ്ങള്‍ നടത്തിയ അവകാശ സമരങ്ങളെ സര്‍ക്കാര്‍ പരാജയപ്പെടുത്തി,പ്രമേയം ചൂണ്ടിക്കാട്ടി.
ആറന്മുള വിമാനത്താവളത്തിന് വേണ്ടി കമ്പനി വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ചുവെങ്കിലും അത് ഭൂരഹിതര്‍ക്ക് കൊടുക്കാതെ വിമാനത്താവള കമ്പനിക്ക് തിരിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. വന്‍കിട ഭൂവുടമകള്‍ക്ക് മിച്ചഭൂമി തിരിച്ചു നല്കുവാന് സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമവും അപലപനീയവും ജനദ്രോഹവുമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
മൂന്നു ദിവസമായി എറണാകുളം ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന സംസ്ഥാനസമ്മേളനം വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷം എല്ലാ പഞ്ചായത്തുകളിലും വിപുലമായി നടത്തുവാനും താലൂക്ക് കേന്ദ്രങ്ങളില്‍ സപ്തംബര്‍ 11 ന് കൂട്ടയോട്ടം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇക്കാലയളവില്‍ ഒട്ടാകെ 15 ലക്ഷം വീടുകള്‍ സമ്പര്‍ക്കം ചെയ്യും. സമ്മേളനത്തില്‍ പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന് ആദ്ധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: