തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ നടി ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങിനുപോയിട്ടുണ്ടെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അമൃതാനന്ദമയീ മഠത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുവരുന്ന വഴി തന്റെ സഹപ്രവര്‍ത്തകര്‍ വണ്ടിക്ക് കൈകാണിച്ചു. ചെറിയ ഇടവഴിയായതിനാല്‍ വണ്ടി നിര്‍ത്തി. തൃപ്പൂണിത്തറ അരവിന്ദാക്ഷന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ വീടിന്റെ ഗൃഹപ്രവേശനമാണെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുത്തത്. അല്ലാതെ നേരത്തെ ക്ഷണിച്ചപ്രകാരമല്ല. മറ്റ് പാര്ട്ടികളുടെനേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നതായും മന്ത്രി പറഞ്ഞു. ശാലുമേനോനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. ‘എനിക്ക് ശാലുമേനോനുമായി രക്തബന്ധമില്ല. അങ്ങനെ പറഞ്ഞാല്‍ എന്റെ മാതാപിതാക്കള്‍ അംഗീകരിക്കില്ല. അവരുമായി രാഷ്ട്രീയബന്ധവുമില്ല. എനിക്ക് ബന്ധം ശാലുമേനോന്റെ മുത്തച്ഛനുമായാണ്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്തുള്ള പരിചയമാണത്’- തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ശാലുമേനോനെ അറസ്റ്റ് ചെയ്യണമോ എന്നത് തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണ്. ശാലുമേനോന് താനുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പി.സി. ജോര്‍ജിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷണസംഘത്തിന് കൈമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേസില്‍ ശ്രീധരന് നായര്‍ തന്ന പരാതില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നും ചോദ്യംചെയ്യണമെന്നും അന്വേഷണസംഘമാണ് തീരുമാനമെടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും അന്വേഷണസംഘം ഇതുവരെ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: