കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ടെനിജോപ്പന് നടത്തിയ കുറ്റസമ്മതം മുഖവിലയ്ക്കെടുക്കാനാകില്ലെന്നും ജോപ്പനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
ജോപ്പന് കുറ്റസമ്മതം നടത്തിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. സരിതാനായര്‍ക്ക് കോന്നിയിലെ ശ്രീധരന്‍നായര്‍ 40 ലക്ഷംരൂപ നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടാണെന്നും വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിഴല്‍പോലെ നടന്ന ജോപ്പനില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ആസൂത്രിതമാണ് അദ്ദേഹം പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി ജില്ലാസമിതി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അവകാശപ്പെടുന്ന സുതാര്യത തട്ടിപ്പുമാത്രമാണ്. സുതാര്യമാണെങ്കില്‍ വിവാദസംഭവങ്ങള്‍ നടന്ന കാലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും രണ്ടല്ല. ഓഫീസിന്റെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തട്ടിപ്പുകാരും തട്ടിപ്പിനുകൂട്ടുനില്ക്കുന്നവരുമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസിന് കഴിയില്ല. ഉമ്മന്‍ചാണ്ടി രാജിവച്ച് സമഗ്ര അന്വേഷണത്തിന് തയ്യാറാകണം അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി വി.വി.രാജന്, ചേറ്റൂര്‍ ബാലകൃഷ്ണന്, പി.ചന്ദ്രിക, കെ.ടി.വിപിന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: