ചേര്‍ത്തല: ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന് പള്ളിപ്പുറം സ്വദേശി പൊറ്റേച്ചിറയില്‍ ജോര്‍ജുകുട്ടിയുടെ മകന് ജോമോന്റെ (26) മൃതദേഹം ഡിഎന്‍എ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതിയോടെ ഇടവക പള്ളിയില്‍ സംസ്കരിക്കും.
ഇന്ന് പുലര്‍ച്ചെ ആറിനുള്ള പ്രത്യേക ഹെലികോപ്റ്ററിലാണ് ദല്‍ഹിയില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മൃതദേഹം എത്തിക്കുന്നത്. ഇതിന് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ സ്വദേശമായ പള്ളിപ്പുറത്ത് എത്തിക്കും. തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്ത് അങ്കണത്തില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കും. ഇതിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോവുക. വീട്ടില്‍ നടക്കുന്ന മരണാനന്തര കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തും. പോലീസ്, റവന്യു, ഐടിബിപി എന്നിവരുടെ പ്രത്യേക സുരക്ഷാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ജോമോന് പഠിച്ചിരുന്ന സ്കൂളുകളായ തിരുനെല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. മന്ത്രി കെ.പി.മോഹനന് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
തിരുനെല്ലൂര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഇതിനായി പള്ളി അധികൃതര്‍ പ്രത്യേക സൗകര്യം ഒരുക്കികൊടുത്തിട്ടുണ്ട്. ചേര്‍ത്തല തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ മുതല്‍ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: