പെരുമ്പാവൂര്‍: മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നശിക്കുന്നു. പെരുമ്പാവൂര്‍ ഇഎസ്ഐ ഡിസ്പെന്‍സറിയിലാണ് തൊഴിലാളികളുടെ ചികിത്സാരേഖകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെയും, ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെയും പേരില്‍ വരാന്തയില്‍ കിടക്കുന്നത്. സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്കനുസരിച്ച് 26000 തൊഴിലാളികളാണ് പെരുമ്പാവൂര്‍ ആശുപത്രിയുടെ കീഴിലുള്ളത്. ഇതില്‍ ദൂരിഭാഗം പേരുടെയും ചികിത്സാ രോഗികള്‍ ക്യൂനില്ക്കുന്ന വരാന്തയിലും, തൊട്ട് ചേര്‍ന്നുള്ള മുറിയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഏത് സമയവും ചിതലെടുത്ത് നശിക്കാവുന്ന അവസ്ഥയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പതിനായിരത്തോളം വരുന്ന തൊഴിലാളികളെ റെക്കോഡുകള്‍ കൃത്യമായി ക്രമീകരിച്ച് വച്ചിട്ടുണ്ട്. ബാക്കിയുള്ളവ ക്രമീകരിക്കുന്നതിന് ജീവനക്കാരില്ലാത്തതാണ് കാരണം. കൃത്യമായി ഇഎസ്ഐ വിഹിതം അടക്കുന്നതൊഴിലാളികളുടെ രജിസ്റ്ററും, സ്റ്റേറ്റ് മെന്റും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. കുടിശിഖ വരുത്തിയിരിക്കുന്നവരുടെ രേഖകളാണ് ഒരു മിച്ച് കൂട്ടിയിട്ടിരിക്കുന്നത്. കമ്പനികളില്‍ നിന്നും ലഭിക്കുന്ന 37-ാം നമ്പര്‍ ഫോറം ഉപയോഗിച്ച് കുടിശിഖ തീര്‍ത്ത് വരുന്ന തൊഴിലാളികളുടെ രജിസ്റ്റര്‍ എടുക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ബുധിമുട്ടാണ്.
ഒരുതൊഴിലാളിയുടെ തൊഴില്‍ സ്ഥാപനത്തിലെ ജോലിയും രോഗവിവരങ്ങളും, നല്കിയ മരുന്നുകളുടെയും, ആനുകൂല്യങ്ങളുടെയും മുഴുവന്‍ വിവരങ്ങളുമാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരാവശ്യത്തിന് ഇഎസ്ഐയില്‍ എത്തുന്നവര്‍ക്ക് ഈ രജിസ്റ്റര്‍ ലഭിച്ചാല്‍ മാത്രമെ കാര്യം നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഉള്ള വളരെ കൃത്യതയോടെ സൂക്ഷിക്കേണ്ട സുപ്രധാന രേഖകളാണ് പെരുവഴിയില്‍ കിടക്കുന്നത്. ഇതില്‍ കുറച്ച് രജിസ്റ്ററുകള്‍ കടലാസ് പെട്ടിയിലാക്കി വരാന്തയിലും, പതിനായിരത്തോളം വരുന്ന ബാക്കിയുള്ളവ തൊട്ടടുത്തുള്ള റിക്കാര്‍ഡ് റൂമില്‍ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ളവരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്. ആയിരം രോഗികള്‍ക്ക് ഒരുഡോക്ടര് എന്നനിലയില്‍ ആവശ്യമുള്ളയിടത്ത് മൂന്ന് മുഴവന്‍ സമയ ഡോക്ടര്‍മാരും, ഒരു കോണ്‍ട്രാക് ഡോക്ടറുമാണുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ എപ്പോഴും വാഴക്കുളം ഡിസ്പന്‍സറിയിലേക്ക് ഡെപ്യൂട്ടേഷനായി പോകും. തൊടുപുഴയിലേക്കും പെരുമ്പാവൂരിലേക്ക് ആയി ഒരു പ്യൂണ്‍ ആണ് നിലവിലുള്ളത്. ഇദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലാണ് പെരുമ്പാവൂരില്‍ എത്തുന്നത്. നാല് യുഡി ക്ലാര്‍ക്കുമാര്‍ ആവശ്യമുള്ളപ്പോള്‍ രണ്ട് പേരാണുള്ളത്. രണ്ട് ഒഴിവുകള്‍ നികത്താനുണ്ട്.
ഇക്കാര്യങ്ങള്‍ പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരൂ നടപടിയും ഉണ്ടായിട്ടില്ലെന്ന് ചില ജീവനക്കാര്‍ പറയുന്നു. ഐപി രോഗികളുടെ വിവരം കമ്പ്യൂട്ടര്‍ വഴിയാക്കണമെന്ന പുതിയ നിര്‍ദ്ദേശം രോഗികളെയും വലക്കുകയാണ്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ ദിവസേന മൂന്നോറോളം പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി പെരുമ്പാവൂര്‍ ഇഎസ്ഐയില്‍ എത്തുന്നത്. കമ്പ്യൂട്ടര്‍ സംവിധാനം മോശമായതിനാല്‍ ഒരാള്‍ക്ക് ചുരുങ്ങിയത് 5 മിനിട്ട് സമയം വേണ്ടിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ രാവിലെ എത്തുന്ന പലരും രാത്രി വളരെ വൈകിയാണ് ആശുപത്രിവിട്ട് പോകുന്നത്.
ഇത്തരം സാഹചര്യത്തിലാണ് പെരുമ്പാവൂര്‍ ഇഎസ്ഐ ആശുപത്രിയില്‍ നൂറ് കിടക്കകളോടെയുള്ള കിടത്തി ചികിത്സ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതിനുള്ള യാതൊരു നടപടിയും ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗികളുടെ കഷ്ടത തീര്‍ക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ഇവിടെയെത്തുന്ന തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ നിലവിലുള്ളവരെ ഡെപ്യൂട്ടേഷന്റെ പേരില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ടി.എന്‍.സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: