തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യണോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അന്വേഷണ സംഘം ഇതുവരെ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ഒച്ചപ്പാടിന്റെ പേരില്‍ അന്വേഷണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പു കേസില്‍ ശ്രീധരന് നായര്‍ നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചതായി എഴുതിച്ചേര്‍ത്ത സംഭവം ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് കുറിച്ച് അന്വേഷിക്കും. ആരാണ് തിരുത്തല്‍ വരുത്തിയതെന്നും കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവോ എന്നതും അന്വേഷിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ശ്രീധരന് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായി പറഞ്ഞിട്ടില്ലെന്ന് ശ്രീധരന് നായരും പറഞ്ഞിരുന്നു. പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്ന് ഭാഗം ഇപ്രകാരമാണ്.- കിന്‍ഫ്ര പാര്‍ക്കില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ കാണിച്ചുതരികയും ആയതിന്റെ പ്ലാനും സ്കെച്ചും തരികയും തുടര്‍ന്നു കേരള മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി ‘മുഖ്യമന്ത്രിയോടും’ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്ലാന്റ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാക്കിത്തരാം എന്നു പ്രതികള്‍ എന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതും ആണ്.
ഇതില്‍ ‘മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും എന്ന വാക്യത്തില്‍ ‘മുഖ്യമന്ത്രിയോടും’ എന്നതു പിന്നീട്, വരികള്‍ക്കു മുകളിലായി എഴുതി ചേര്‍ത്തിരിക്കുകയാണ് എന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ കയ്യക്ഷരത്തിലും വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു. ഇതോടെയാണ് കേസില്‍ മുഖ്യമന്ത്രിയെയും കുടുക്കാന്‍ ആരോ മനഃപ്പൂര്‍വം ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് സംശയമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: