തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നിലപാട് ശക്തമാക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇന്നു നടത്താനിരുന്ന ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കില്ല. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നു ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.
മൗലികമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുമ്പോള് ചര്‍ച്ച അപ്രസക്തമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ലീഗ് ഫോര്‍മുല മുന്നോട്ടുവെക്കില്ല. രമേശ് ചെന്നിത്തലയുടെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശത്തെ കുറിച്ച് ചെന്നിത്തല തന്നെ വിശദീകരിച്ചെങ്കിലും കോണ്‍ഗ്രസിലെ ഉത്തരവദിത്വപ്പെട്ട മറ്റാരും ഇക്കാര്യത്തില്‍ ലീഗിനോട് പ്രതികരിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇതില്‍ ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഉഭയകക്ഷി ചര്‍ച്ച ഇനി എന്നു നടക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാനും ലീഗ് ആലോചിക്കുന്നതായാണ് സൂചന.
കര്‍ശനമായ നിലപാടുമായി മുന്നോട്ട് പോകണമെന്നാണ് പ്രവര്‍ത്തകരുടേയും നിലപാട്. ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് ലീഗിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടു.
ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന കെപിസിസി മുന്‍ പ്രസിഡണ്ട് സി.കെ ഗോവിന്ദന്‍നായരുടെ മുന്നറിയിപ്പ് ശരിയാകുകയാണെന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ലീഗിന്റേത് വിലപേശല്‍ രാഷ്ട്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ പ്രസ്താവന വിവാദമായപ്പോള്‍ ചെന്നിത്തല അത് തിരുത്തി രംഗത്ത് വരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: