കൊച്ചി: പഞ്ചിംഗ് ക്യാബിന് എന്നാണറിയപ്പെടുന്നതെങ്കിലും പഞ്ചിംഗ് നടക്കുന്നത് വിരളം. ആയിരക്കണക്കിന് ബസുകള്‍ നിയമം ലംഘിച്ച് പായുന്ന കൊച്ചി സിറ്റിയിലെ പഞ്ചിംഗ് കേന്ദ്രങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. നിയമം നിഷ്ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ലംഘിക്കാം എന്ന് ചൂഴ്ന്ന് ചിന്തിക്കുന്ന മലയാളിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് അധികൃതര്‍. ഒരു ബസിന്റെ സമയം കവര്‍ന്ന് അടുത്ത ബസ് പായുമ്പോള്‍ പഞ്ചിംഗ് കേന്ദ്രങ്ങളെ ആശ്രയിച്ച് സമയക്രമീകരണം നടത്താം. എന്നാല്‍ കുശാഗ്ര ബുദ്ധികളായ ബസുടമകള്‍ പഞ്ചിംഗ് കേന്ദ്രങ്ങളേയും ഒഴിവാക്കി അത്രയും സമയം അപഹരിക്കാന്‍ ശ്രമിക്കുന്നു.
കൊച്ചിയിലെ സ്ഥിരം കാഴ്ചാണ് ഈ കേന്ദ്രങ്ങളിലെ നിരുത്തരവാദപരമായ കൈകാര്യം ചെയ്യല്‍. പഞ്ചിംഗ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും മുദ്രണം ചെയ്യണമെന്ന നിയമം തരംകിട്ടുമ്പോള്‍ പാലിക്കാതെ ആ നിയമത്തെ നോക്കുകുത്തിയാക്കി പായുന്ന ബസുകളാണ് ഭൂരിപക്ഷവും. പഞ്ചിംഗ് കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് ദൂരെനിന്ന് കാണുമ്പോള്‍ ബസ് തൊഴിലാളികള്‍ ആഹ്ലാദിക്കും. പുറകെ വരുന്ന ബസിന്റെയും മുമ്പില്‍ പോകുന്ന ബസിന്റേയും സമയത്തില്‍ കടന്നുകയറി പത്ത് ഫുള്‍ ടിക്കറ്റ് അല്ലെങ്കില്‍ മിനിമം ടിക്കറ്റ് കൈക്കലാക്കാനുള്ള വ്യഗ്രതയായിരിക്കും മനസ്സില്‍. എന്തിനുവേണ്ടിയാണോ പഞ്ചിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് ആ ലക്ഷ്യത്തില്‍ നിന്ന് പലപ്പോഴും അകലെയാണ് പ്രവര്‍ത്തനങ്ങള്‍.
കളമശ്ശേരിയിലെ പഞ്ചിംഗ് കേന്ദ്രം അടഞ്ഞുകിടന്നിട്ട് നാളുകളേറെയായി. ഈ സ്ഥിതി സിറ്റിയിലെ പലയിടങ്ങളിലും കാണാം. മേനകയിലെ വരുന്നതും പോകുന്നതുമായ പഞ്ചിംഗ് കേന്ദ്രങ്ങളും മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന നിലയിലാണ്. സൗത്തിലെ പഞ്ചിംഗ് കേന്ദ്രം പണിപൂര്‍ത്തിയാകാത്ത നിലയിലാണ്. ഏറെനാളായി ഇതിന്റെ പണി പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുകയാണ് പ്രസ്തുത കേന്ദ്രങ്ങള്‍. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ ഇവിടെ അരങ്ങേറുന്നതായി പരാതിയുണ്ട്. നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഇത്തരം കേന്ദ്രങ്ങള്‍ പിടിപ്പുകേടിന്റെ ഉദാഹരണമായി മാറുകയാണ്.
ഐജി ഓഫീസിന് സമീപമുള്ള മേനക ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പഞ്ചിംഗ് ചെയ്യുന്ന കേന്ദ്രം അധികാരികളുടെ നേരെയാണെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുക്കുന്നില്ല. ആയിരക്കണക്കിന് ബസുകള്‍ പായുന്ന സിറ്റിയിലെ ഈ പഞ്ചിംഗ് കേന്ദ്രങ്ങള്‍ എന്തുകൊണ്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്താണിതിന് പിന്നിലെ കാരണം. അധികൃതര്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ല. നിയമലംഘനങ്ങള്‍ നടത്താന്‍ അധികാരികള്‍ കൂട്ടുനില്‍ക്കുകയാണോ? ചോദ്യങ്ങള്‍ നിരവധി. പഞ്ചിംഗ് കേന്ദ്രങ്ങള്‍ നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ ബസുകള്‍ സമയക്രമം തെറ്റിച്ച് തലങ്ങും വിലങ്ങും പായുമെന്നതില്‍ തര്‍ക്കമില്ല.
സി.എസ്.ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: