തിരുവനന്തപുരം: ലൈംഗിക ആരോപണത്തിന് വിധേയനായി ഒളിവില്‍ കഴിയുന്ന ജോസ് തെറ്റയില്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പിന്‍വാങ്ങി. രാജിക്കാര്യം തീരുമാനിക്കേണ്ടത് അതത് പാര്ട്ടികകളാണെന്ന് പറഞ്ഞൊഴിഞ്ഞ അദ്ദേഹം കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.
ഇന്നലെ രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തെറ്റയിലിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു വിഎസിന്റെ മലക്കംമറിച്ചില്‍. തെറ്റിയില്‍ ഇതുവരെ രാജിവച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘നോക്കാം’ എന്ന് ഒറ്റവാക്കില്‍ ആദ്യത്തെ മറുപടി. രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുള്ള കാര്യം സൂചിപ്പിച്ചപ്പോഴാകട്ടെ, അങ്ങനെയും അഭിപ്രായമുണ്ടെന്ന അയഞ്ഞ മറുപടി നല്കി പിന്തിരിയാന് ശ്രമം.
ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ തീരുമാനമുണ്ട്. അതനുസരിച്ച് നടപടിയെടുക്കേണ്ടത് അതത് പാര്‍ട്ടികളാണെന്നായിരുന്നു മറുപടി.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോസ് തെറ്റയിലിനെ ന്യായീകരിച്ചും അദ്ദേഹം രാജി വെക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തും പിരിഞ്ഞ ഉടനെയാണ് അച്യുതാനന്ദന് ഒദ്യോഗിക വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സ്വാഭാവികമായും തെറ്റയില്‍ രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ശക്തമായ പ്രതികരണം വിഎസ്സില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നത്. കേരളത്തില്‍ സ്ത്രീകളോട് ചെയ്തുവരുന്ന കൊള്ളരുതായ്മകള്‍ വച്ചുപൊറപ്പിക്കനാവില്ലെന്നും ജോസ് തെറ്റയില്‍ രാജിവയ്ക്കണമെന്നും പറഞ്ഞിരുന്നു.
രാജിവയ്ക്കുമോ എന്നറിയാന്‍ രണ്ടോമൂന്നോ ദിവസം വരെ താന്‍ കാത്തിരിക്കുമെന്നും ബുധനാഴ്ച വി.എസ് പറഞ്ഞിരുന്നു. സമയപരിധി അവസാനിക്കുന്ന ദിവസമായ ഇന്നലെ അദ്ദേഹത്തെ കൊണ്ട് നിലപാട് മാറ്റിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണറിയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: