തിരുവനന്തപുരം: പുതുക്കിയിറക്കിയ വിവാഹ സര്‍ക്കുലറിലും അവ്യക്തതകള്‍. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്നാണ് കൂടുതല്‍ വിശദീകരണവുമായി ഇന്നലെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. 2013 ജൂണ്‍ 27 വരെ മുസ്ലിം വിഭാഗത്തില്‍ നടന്ന ശൈശവ വിവാഹങ്ങള്‍ക്കു രജിസ്ട്രേഷന് അനുവദിക്കാമെന്നു വ്യക്തമാക്കിയ സര്‍ക്കുലറിലെ അവസാന ഭാഗത്താണ് അവ്യക്തതയും വിവാദ നിര്‍ദേശവും. മുസ്ലിം സമുദായത്തിലെ വിവാഹങ്ങള്ക്കുമാത്രമായാണ് പ്രത്യേക സര്‍ക്കുലര്‍ ഇറങ്ങിയതും അത് തിരുത്തി പുതിയത് ഇറക്കിയതും. ശൈശവ വിവാഹം നിയമവിരുദ്ധമാണെന്നിരിക്കെ ഇന്നലെ വരെയുള്ള വിവാഹങ്ങള്‍ക്ക് പരിരക്ഷ നല്‍കികൊണ്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാകുമെന്ന വിധത്തിലാണ് പുതിയ സര്‍ക്കുലറിലെ നിര്‍ദേശം. നേരത്തെ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമുണ്ടാക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍. ജൂണ്‍ 27 തീയതി വെച്ച് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഇന്നലെ രാവിലെയാണ് പ്രസിദ്ധീകരിച്ചത്.
പുതിയ സര്‍ക്കുലറിലെ വിവാദ പരാമര്‍ശം ഇങ്ങനെ- വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു 2008-ലെ കേരള വിവാഹ രജിസ്ട്രേഷന് (പൊതു) ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തു ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ഇത് ഒരു സാമൂഹിക പ്രശ്നമായി നിലനില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ഇന്നേദിവസം വരെ (27-06-2013) നടന്നിട്ടുള്ള എല്ലാ വിവാഹങ്ങളും പ്രസ്തുത ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഈ സര്‍ക്കുലര്‍ പ്രകാരം കേരളത്തില്‍ 27ാം തീയതി വരെ നടന്ന എല്ലാ ശൈശവ വിവാഹങ്ങള്‍ക്കും രജിസ്ട്രേഷന് അനുവദിക്കാമെന്നും നിയമസാധുത നല്‍കാമെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ആദ്യ സര്‍ക്കുലറില്‍ മുസ്ലിം വിഭാഗത്തിനു മാത്രം എന്നു സ്പഷ്ടീകരിച്ചിരുന്നതിനാല് മറ്റു മതവിഭാഗങ്ങളില്‍ 16 നും 18നും ഇടയില്‍ നടന്ന വിവാഹങ്ങള്‍ക്കു നിയമസാധുതക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യത്ത് ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടും ഇതുവരെ നടന്ന എല്ലാ ശൈശവ വിവാഹങ്ങള്‍ക്കും നിയമസാധുത നല്‍കാനുള്ള പുതിയ സര്‍ക്കുലറിലെ നിര്‍ദേശവും വിവാദം വിളിച്ചുവരുത്തിയേക്കും.
ശൈശവവിവാഹ നിരോധന നിയമത്തിലെ 9,10,11 എന്നീ വകുപ്പുകള്‍ പ്രകാരം ശൈശവ വിവാഹം ശിക്ഷാര്‍ഹമാണ്. ശൈശവവിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: