ആലപ്പുഴ: മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് രാജ്യരക്ഷയെ ബാധിക്കുന്ന ക്രമക്കേടുകള്‍ നടന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ ഇ.അഹമ്മദിനെ കേന്ദ്രവിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഏത് മാനദണ്ഡം പാലിച്ചാണ് മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചതെന്ന് വ്യക്തമാക്കണം. പാസ്പോര്‍ട്ട് തിരുത്തിയ 137 കേസുകളാണ് ചുരുങ്ങിയ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സംഭവങ്ങളെല്ലാം ഇ.അഹമ്മദിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഒത്താശയോടെയാണ് നടന്നിട്ടുള്ളതെന്ന് വെളിച്ചത്തായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഹമ്മദിനെ അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. മുസ്ലിംലീഗുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആരോപണമുന്നയിച്ച കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
മനുഷ്യക്കടത്തുകാരെയും കള്ളനോട്ടുകാരെയും രാജ്യവിരുദ്ധ ശക്തികളെയും സംരക്ഷിക്കുന്നവരായി മുസ്ലിംലീഗ് മാറിയിരിക്കുകയാണ്. മംഗലാപുരം വിമാനാപകടത്തില്‍ മരിച്ച പലരുടെയും ആശ്രിതര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്കാന് കഴിയാത്തത് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസും ഭരണകൂടവും ഒന്നാകെ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സോളാര്‍ നയം പ്രഖ്യാപിച്ചത് അഴിമതി നടത്തുന്നതിനാണോയെന്ന് സംശയമുയര്‍ന്നിരിക്കുകയാണ്. സോളാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്കുന്ന കോടികള്‍ മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫുകളും കുടുംബാംഗങ്ങളും തട്ടിയെടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കാരായ കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ഥ പിന്തുടര്ച്ചക്കാരായി യുഡിഎഫ് സര്‍ക്കാരും മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
ബദരിനാഥില്‍ കുടുങ്ങിയ ശിവഗിരിമഠത്തിലെ സന്ന്യാസിമാര്‍ അടക്കമുള്ള മലയാളി തീര്‍ഥാടകരെ രക്ഷിക്കാന്‍ ചെറുവിരലനക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. തീര്‍ഥാടകര്‍ മറ്റുള്ളവരുടെ സഹായത്തോടെ രക്ഷപെട്ടപ്പോള്‍ അവകാശവാദവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എട്ടുകാലി മമ്മൂഞ്ഞിന്റെ പുനരവതാരമായിരിക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.രാജന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന് എന്നിവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: