കൊച്ചിന് മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുനൈദ് റഹ്മാന് പറയുന്നു. കൂടുതല്‍ ആളുകള്‍ ആശുപത്രി ഉപയോഗിക്കണം. എന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവൂ. ഇപ്പോഴും ജനങ്ങള്‍ മെഡിക്കല്‍ കോളേജിനെ ഭയപ്പാടോടെയാണ് കാണുന്നത്.
വിവാദങ്ങളാണ് ഒരു പരിധിവരെ ജനങ്ങളെ അകറ്റിയത്. ജനങ്ങള്‍ ആശുപത്രിയെ ഉപയോഗപ്പെടുത്തുന്നതിനായുള്ള പ്രചരണങ്ങള്‍ ആവശ്യമാണ്. 13 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെയും ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലൂടെയും വിദഗ്ദ്ധ ചികിത്സയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ഒപി വിഭാഗത്തില്‍ 600 ഓളം പേര് മാത്രമേ എത്തുന്നുളളൂ. കിടത്തി ചികിത്സക്കായി 500 ഓളം കിടക്കകളുണ്ടെങ്കിലും 150 ഓളം പേര് മാത്രമേ എത്തുന്നുള്ളൂ. അതും വിവിധ ആശുപത്രികളില്‍നിന്നും റഫര്‍ ചെയ്ത് എത്തുന്നവരാണ് കൂടുതല്‍. ഒരുപാട് പരിമിതികളുണ്ടെങ്കിലും ഇത്രയും സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ നല്കാന് കഴിയുന്നത് വലിയ കാര്യമാണ്.
മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പൊതുജനങ്ങളും വ്യവസായികളും വിവിധ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി വികസനത്തിന് കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ അദ്ധ്യക്ഷതയില്‍ റിനവേഷന് മീറ്റിംഗ് ഈ രംഗത്തേയ്ക്കുള്ള ആദ്യ കാല്‍വെയ്പ്പാണ്. ആദ്യയോഗത്തില്‍ 6.72 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തത്. വിവിധ ഏജന്‍സികളുടെ സഹായത്തോടുകൂടി മാത്രമേ സര്‍ക്കാര്‍ ഏറ്റെടുത്താലും മെഡിക്കല്‍ കോളേജിന് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അപര്യാപ്തതകള്‍ പരിഹരിച്ച് മുന്നോട്ട് പോകുവാനാകുകയുള്ളൂ.
മെഡിക്കല്‍ കോളേജിലെ പ്രധാനപ്പെട്ട നാല് വിഭാഗങ്ങളുടെ വികസനമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കാര്‍ഡിയോളജി വിഭാഗത്തിന്റെ വികസനത്തിന് 3.05 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാത്ലാബിനായുള്ള ഈ തുക ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടേയും കൊച്ചി കപ്പല്ശാലയുടേയും സഹകരണത്തോടെയായിരിക്കും കണ്ടെത്തി നടപ്പിലാക്കുക. ഇക്കാര്യത്തില്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ബാങ്കുകളുടേയും കപ്പല്ശാലകളുടേയും പ്രതിനിധികളുമായി ഇതിനായി പ്രത്യേക യോഗം ചേരും.
പൊള്ളല്‍ ചികിത്സയ്ക്ക് പ്രത്യേക കേന്ദ്രത്തിന് നടപടിയായിട്ടുണ്ട്. ഇതിന് ഒരുകോടി അഞ്ച് ലക്ഷം രൂപ ചെലവ് വരും. 1.05 കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് റിഫൈനറി നല്‍കും. പ്രോജക്ട് റിപ്പോര്‍ട്ടും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പദ്ധതി രേഖ മെഡിക്കല്‍ ഡയറക്ടര്‍ റിഫൈനറിക്ക് കൈമാറും.
മെഡിക്കല്‍ കോളേജിന് രണ്ട് ബസുകള്‍ വാങ്ങാന്‍ 24 ലക്ഷം രൂപ വേണം. ഈ തുക എംപി ഫണ്ടില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കും.
അത്യാഹിത വിഭാഗത്തിന്റെ നവീകരണത്തിന് 25ലക്ഷം രൂപ നെസ്റ്റ് ഗ്രൂപ്പ് സ്പോണ്സര് ചെയ്യും. മെഡിക്കല്‍ ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് പത്ത് ലക്ഷം, കെറോനറി ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 12 ലക്ഷം, സര്‍ജിക്കല്‍ ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 15 ലക്ഷം, പീഡിയാട്രിക് ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 21 ലക്ഷം, നിയോ നാറ്റല്‍ ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 25 ലക്ഷം, ന്യൂറോ സര്‍ജറി ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 28 ലക്ഷം, റെസ്പിറേറ്ററി ഇന്റന്‍സീവ് കീയര്‍ യൂണിറ്റിന് 20 ലക്ഷം എന്നിങ്ങനെ പ്രധാന ഏഴ് വിഭാഗങ്ങളിലാണ് വികസനം നടത്തുക. ഇതിനായുള്ള തുക പൊതുമേഖലാ സ്ഥാപനമായ ഗെയില്‍, എല്‍എന്‍ജി ടെര്‍മിനല്‍, ജില്ലയിലെ രണ്ട് റോട്ടറി ക്ലബുകള്‍ തുടങ്ങിയവയിലൂടെ സമാഹരിക്കും.
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള തുക സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഫണ്ടില്‍നിന്ന് ലഭ്യമാക്കും.
മെഡിക്കല്‍ കോളേജ് വികസന പദ്ധതികള്‍ നാട്ടുകാരുടേയും വിവിധ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ തയ്യാറാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കൂടി വന്നാല്‍ വലിയ മുന്നേറ്റമാവും ഉണ്ടാവുക. മെഡിക്കല്‍ കോളേജിലും ആശുപത്രിയിലുമായി 200 ഡോക്ടര്‍മാര്‍ക്കും 232 നഴ്സുമാര്‍ക്കും പുറമെ 175 കോണ്‍ട്രാക്ട് നഴ്സുമാരും 72 ദിവസവേതന ജീവനക്കാരും 86 പാര്‍ട്ട്ടൈം തൂപ്പുകാരുമുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മുന്നൂറിലേറെ വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ അവസ്ഥയെന്താകുമെന്ന പ്രശ്നവും ഉദിക്കുന്നുണ്ട്. ഇവരെ സ്ഥിരമാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വൈമുഖ്യമുള്ളതും ഏറ്റെടുക്കല്‍ തീരുമാനം വൈകുവാന്‍ കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.
എന്തായാലും വിവാദങ്ങളില്‍നിന്നെല്ലാം വിമുക്തമാക്കി വികസനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഈ മെഡിക്കല്‍ കോളേജിനെ ജനോപകാരപ്രദമായി ഉയര്ത്തിക്കൊണ്ടുവരണമെന്നതാണ് ഏവരുടേയും ആഗ്രഹം. ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ഏറ്റെടുക്കുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇക്കാര്യത്തില്‍ വൈകാതെയുള്ള തീരുമാനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്.
എന്‍.പി.സജീവ്
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: