കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വസതിക്കുനേരെ താലിബാന് ആക്രമണം.
യുഎസിന്റെ പിന്തുണയോടുകൂടി താലിബാനുമായുള്ള സമാധാനചര്‍ച്ചയ്ക്ക് പ്രസിഡന്റ് ഹമീദ് കര്‍സായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച് താലിബാന് വെടിവെപ്പും സ്ഫോടനങ്ങളും നടത്തിയത്.
ഭീകരവാദികളില്‍ മൂന്നോ നാലോപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കോ സാധാരണക്കാര്‍ക്കോ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കാബൂള്‍ പോലീസ് മേധാവി മൊഹമ്മദ് അയൂബ് സാലംഗി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണസമയത്ത് കര്‍സായി കൊട്ടാരത്തില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാവിലെ മാധ്യമങ്ങളുമായി കര്‍സായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.
കെട്ടിടങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കൊട്ടാരം അധികൃതര്‍ പറഞ്ഞു. കൊട്ടാരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും കൊട്ടാരത്തിലേക്കുള്ള റോഡുകളെല്ലാം അടയ്ക്കുകയും ചെയ്തു.
നാറ്റോ സേനയുടെ ഓഫീസും യുഎസ് എംബസിയുടെ ആസ്ഥാനവും ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്ന കാബൂളിലെ ശക്തമായ സുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്.
കൊട്ടാരത്തിന്റെ കനത്ത സുരക്ഷാ പ്രദേശമായ കിഴക്കെ കവാടത്തിലാണ് സ്ഫോടനം നടത്തിയതെന്ന് താലിബാന് അവകാശപ്പെട്ടു. മുക്കാല്‍ മണിക്കൂര്‍ നീണ്ട അര ഡസനലധികമുള്ള സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിനുശേഷം ഉടനടി തന്നെ “ഞങ്ങള്‍ ശത്രുക്കള്‍ക്ക് മരണം നല്കുന്നു”എന്ന താലിബാന് സന്ദേശവും വന്നിരുന്നു.
സ്ഫോടനം നടന്ന കിഴക്കന്‍ കവാടത്തില്‍ കര്‍സായിയുടെ അംഗരക്ഷകരും സിഐഎയുടേയും പ്രതിരോധമന്ത്രാലയത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണകാരികളുമായി ഏറ്റുമുട്ടി.
കാബൂളില്‍ അഞ്ച് അമേരിക്കക്കാരുള്‍പ്പെടെ പതിനഞ്ച് പേര് കൊല്ലപ്പെട്ട ചാവേറാക്രമണം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് വീണ്ടും ഒരാക്രമണം കൂടി സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: