കൊച്ചി: വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് മുഖേനയാക്കുന്ന പദ്ധതി ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി.രാമചന്ദ്രന് നിര്‍ദേശിച്ചു. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് സംബന്ധിച്ച് സ്ഥാപന മേധാവികളുമായുള്ള അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴുവന്‍ രേഖകളും ഹാജരാക്കാത്തതിനാല്‍ ഉടന്‍തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് എ.ഡി.എം സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്കി. ജൂലൈ ഒന്നിനുശേഷം ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യോഗത്തില്‍ പങ്കെടുക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ യോഗത്തിനെത്തിയവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ രേഖകള്‍ പോലും സമര്‍പ്പിക്കാത്ത സ്ഥാപനങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ആധാര്‍കാര്‍ഡ് കയ്യിലുണ്ടായിട്ടും നമ്പര്‍ പ്രയോജനപ്പടുത്താത്ത സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ആധാറിനോ, എന്‍.പി.ആറിനോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇനിയും ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ജില്ലയിലെ ഏതെങ്കിലും അക്ഷയകേന്ദ്രത്തെ സമീപിച്ച് എന്റോള്‍മെന്റ് സ്ലിപ്പ് ഹാജരാക്കി നമ്പര്‍ കൈപ്പറ്റാനാകുമെന്ന് എ.ഡി.എം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാത്തവര്‍ക്ക് ലളിതമായ സൗകര്യത്തോടെ പുതിയ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനായി സമീപത്തുള്ള ബാങ്കുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.യു പ്രേമന്, പട്ടികജാതി വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടോമി ചാക്കോ, എന്‍.ഐ.സി അസിസ്റ്റന്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ശ്യാമ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ.ആര് മന്മഥന്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ജില്ല കോ ഓഡിനേറ്റര്‍ എ.കെ അബ്ദുള്‍ അസീസ്, കെ.എം. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: