ചവറ: ജലസമ്പുഷ്ട ജില്ലയ്ക്കായി സമഗ്രപദ്ധതികളുടെ പ്രഖ്യാപനം ജനപ്രതിനിധികള്‍ ആവര്‍ത്തിക്കുമ്പോഴും പാടശേഖരങ്ങള്‍ നികത്തുന്നതിന് അറുതിയാകുന്നില്ല. നാല് ചിറകളുടെ സംഗമ കേണ്ടമായ ചവറ ചോലയില്‍ പാടശേഖരമാണ് ഭൂമാഫിയുടെ നേതൃത്വത്തില്‍ നികത്തുന്നത്.
ചോലയില്‍ ദേവിക്ഷേത്രത്തോടു ചേര്‍ന്നുള്ള എണ്‍പത് സെന്റെ ഏലാപ്രദേശം നികത്തുന്നതോടെ ഈ മേഖല മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നാണ് ഭീതി. 2006 മുതല്‍ ആരംഭിച്ച ഏലാ നികത്തലിനെതിരെ ഒറ്റപ്പെട്ടും സംഘടിതമായും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയര്‍ത്തിയിരുന്നു. ചോലയില്‍ പരിസ്ഥിതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ചോലയില്‍ ചിറ, വലിയചാല്‍, ചെറിയചാല്‍, മംഗലത്തുകുളം എന്നീ നാല് ചിറകളിലെ ജലം ഈ പ്രദേശത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ അടയാളമാണ്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അവഗണിക്കപ്പെട്ട നിലയിലാണ്. നാട്ടുകാരുടെ അമര്‍ഷം മുതലെടുത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രദേശത്ത് കൊടികുത്തിയെങ്കിലും അതെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായി.
അതേസമയം ചോലയില്‍ ദേവിക്ഷേത്രത്തെയും പരിസരത്തെയും വെള്ളക്കെട്ടിലാഴ്ത്തുന്ന നിലം നികത്തലിനെതിരെ ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ചോലയില്‍ പരിസ്ഥിതി സംരക്ഷണ സമിതിയും നാട്ടുകാരും ഭക്തജനങ്ങളും ഹിന്ദുസംഘടനകളും ചേര്‍ന്ന് 28ന് ചവറ വില്ലേജ് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും. ധര്‍ണ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ഉദ്ഘാടനം ചെയ്യും. സാംസ്കാരികപ്രവര്‍ത്തകരും പരിസ്ഥിതി സംഘടനാനേതാക്കളും സംസാരിക്കുമെന്ന് പരിസ്ഥിതി സമിതി ചെയര്മാന് എം.കോശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: