അനുരാഗ് കശ്യപിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘ഗ്യാങ്ങ്സ് ഓഫ് വസേപൂര്‍’. 2012 ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാര പട്ടികയില്‍ ചിത്രം ഇടം പിടിച്ചപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനും, ഓര്‍മ്മിക്കുവാനും ചിലതുണ്ടായിരുന്നു. ഗ്യാങ്ങ്സ് ഓഫ് വസേപൂരിന്റെ ശബ്ദമിശ്രണത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചപ്പോള്‍ സിനോയ് ജോസഫ് എന്ന ചെറുപ്പക്കാരനും അത് അഭിമാനമായി, സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍. 300 ഓളം ചിത്രങ്ങളാണ് സിനോയ് ഇതുവരെ ചെയ്തിട്ടുള്ളത്. ഹിന്ദി, മറാത്തി, തമിഴ്, ബംഗാളി തുടങ്ങിയ 12 ലധികം ഭാഷകളില്‍ ശബ്ദമിശ്രണം നടത്തിയ സിനോയി ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു പലരുടെയും സംശയം.
ചലച്ചിത്ര മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സജീവമാണെങ്കിലും ദേശീയ ചലച്ചിത്ര പുരസ്ക്കാരമാണ് സിനോയിയെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ദേശീയ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന് അബുവിന്റെ സംവിധായകന് സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘കുഞ്ഞനന്തന്റെ കട’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് സിനോയ് ഇപ്പോള്‍. ഹിന്ദി ചലച്ചിത്രങ്ങളുടെ തിരക്കിലും ആദ്യ മലയാള സിനിമയുടെ ത്രില്ലിലാണ് ഈ ചെറുപ്പക്കാരന്.
സിനോയിയുടെ ശബ്ദവഴിയിലൂടെ ഒരു യാത്ര…….
കോട്ടയം ജില്ലയിലെ വെച്ചൂര്‍ സ്വദേശിയാണ് സിനോയ്. പഠിച്ചതും, വളര്‍ന്നതും നാട്ടില്‍ തന്നെ. കൊതവറ സെന്റ് സേവിയേഴ്സ് കോളേജിലും, വെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്ക്കൂളിലും വിദ്യാഭ്യാസ ജീവിതം പൂര്‍ത്തീകരിച്ച സിനോയി തൃശൂര്‍ ചേതനാ സൗണ്ട് സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനിയറിംഗ് കോഴ്സിനു ചേര്‍ന്നു. സംഗീതത്തിനോടുള്ള അളവറ്റ സ്നേഹമാണ് സൗണ്ട് എന്ജിനിയറിംഗിലേക്കെത്തിച്ചത്. പഠനത്തിനുശേഷം പിന്നീടെന്തെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ചേതനാ സ്റ്റുഡിയോയിയിലെ സ്റ്റാന്‍ലി മുംബൈയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. ആദ്യമൊന്നു മടിച്ചെങ്കിലും ദൈവം കുറിച്ചിട്ടതുപോലെ മുംബൈയില്‍ സിനോയിയുടെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി സിനോയ് മുംബൈയിലാണ്. മോഹിത് ഷെട്ടിയുടെ ക്യൂ ലാബാണ് സിനോയിയുടെ പ്രവര്‍ത്തന മണ്ഡലം.
സിനിമയില്‍ ഡബ്ബിങ് ചെയ്താണ് സിനോയ് ആദ്യം അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിക്സിങ് സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അങ്ങോട്ടു മാറുകയായിരുന്നു. മൂന്നര വര്‍ഷം മിക്സിങ്ങില്‍ അസ്റ്റിസ്റ്റന്റായി പ്രവര്‍ത്തിച്ചത് മുന്നോട്ടുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സിനോയ് പറയുന്നു. സൗണ്ട് ഡിസൈനറായ കുനാല്‍ ശര്‍മ്മയിലൂടെയാണ് ‘ഗ്യാങ്ങ്സ് ഓഫ് വസേപൂരി’ലേക്ക് സിനോയ് എത്തുന്നത്. സംവിധായകന് അനുരാഗ് കശ്യപിനോട് കുനാല്‍ ശര്‍മ്മ തന്നെയാണ് സിനോയിയെ ശബ്ദമിശ്രമണം ഏല്പ്പിച്ചിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. രണ്ട് ഭാഗങ്ങളുള്ള സിനിമയില്‍ രണ്ടാമത്തെ ഭാഗമാണ് സിനോയ് ശബ്ദമിശ്രണം നിര്‍വ്വഹിച്ചത്. പ്രശസ്ത സൗണ്ട് എന്‍ജിനിയറായ ദീപന് ശങ്കറിന്റെ അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സ്വതന്ത്ര സിനിമകള്‍ ചെയ്തു തുടങ്ങി. 2008ല്‍ പുറത്തിറങ്ങിയ ‘സാസ് ബഹു ഓര് സെന്‍സെക്സ്’ എന്ന സിനിമയാണ് സിനോയിയുടെ ആദ്യ സ്വതന്ത്ര സിനിമ. 120 ഓളം സ്വതന്ത്ര സിനിമകളടക്കം 300 ലധികം ചിത്രങ്ങള്‍ ഇപ്പോള്‍ സ്വന്തം പേരിലുണ്ട്.
സിനിമയില്‍ മാത്രമല്ല, മറ്റേത് മേഖലയില്‍ ആയാലും ജനങ്ങള്‍ തിരിച്ചറിയാന്‍ പാകത്തിന് സല്‍പ്പേര് ഉണ്ടാക്കണമെന്നാണ് സിനോയിയുടെ പക്ഷം. സിനിമയിലെ കരിയര്‍ ഡെവലപ്പ് ചെയ്യുന്നതിന് ഒരു നോമിനേഷനെങ്കിലും ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ച സമയങ്ങളും സിനോയിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഗ്യാങ്ങ്സ് ഓഫ് വസേപൂരിന് പുരസ്ക്കാരം ലഭിച്ചതിനുശേഷം സിനിമാ ജീവിതത്തില്‍ നിസ്തുലമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സിനോയ് പറയുന്നു. ലോ ബജറ്റ് ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സിനോയിയെ തേടി ബിഗ് ബജറ്റ് ചിത്രങ്ങളും പുരസക്കാരലബ്ധിക്കുശേഷം എത്തിത്തുടങ്ങി.
ഒരിടവേളക്കുശേഷം നടി ശ്രീദേവി അഭിനയിച്ച ചിത്രമായ ‘ഇംഗ്ലീഷ് വിഗ്ലീഷ്’. ബോക്സ് ഓഫീസില്‍ ഹിറ്റായ ചിത്രത്തിന്റെ ശബ്ദമിശ്രണം സിനോയിയാണ് നിര്‍വ്വഹിച്ചത്. വിജയ് അഭിനയിച്ച തമിഴ് സിനിമ ‘നന്‍പനി’ലും ശബ്ദമിശ്രണം നടത്തി. ഹിന്ദിയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ മികച്ചൊരു ബ്രേക്കിനായി സിനോയി കാത്തിരിക്കുകയായിരുന്നു. ഹിന്ദിയില്‍ ചില പ്രൊജക്ടുകളുടെ തിരക്കിലായിരിക്കുമ്പോഴാണ് മലയാള സിനിമയില്‍ നിന്നും സിനോയിയെത്തേടി ക്ഷണം എത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഓസ്കര് പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിനോയിയുടെ ഉറ്റ സുഹൃത്താണ് റസൂല്‍ പൂക്കുട്ടി. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രഗല്ഭരാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും സിനോയ് മറച്ചുവെച്ചില്ല.
അമ്മ തങ്കമ്മയുടെ അറുപതാമത് പിറന്നാളാഘോഷത്തിനായി നാട്ടിലെത്തുമ്പോള്‍ പുരസ്ക്കാരം ഇരട്ടി മധുരമാണ് തരുന്നത്. അമ്മയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണ് പുരസ്ക്കാരമെന്നും സിനോയ് പറഞ്ഞു. പിതാവ് ടി.വി. ജോസഫ് റിട്ട.അദ്ധ്യാപകനാണ്. സഹോദരന് സിജുവും, സഹോദരിമാരായ സീമയും, സിന്ധുവും കുട്ടിക്കാലം മുതല്‍ക്കെ പാട്ടുകാരാണ് . ഈ പാരമ്പര്യം തന്നെയാണ് സിനോയിയെ സിനിമയിലെ ശബ്ദവഴിത്താരയിലേക്ക് എത്തിച്ചത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഉള്‍പ്പെടെ തേടിയെത്തിയ ബഹുമതിയും അഗീകാരവുമൊക്കെ തന്റെ മാത്രം പ്രയത്നം കൊണ്ട് സാധിച്ചതല്ല. ഈ വഴിത്താരയില്‍ തന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു…സിനോയ് പറഞ്ഞു നിര്‍ത്തി…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: