ആലുവ: ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വക ആലുവ നഗരസഭ കൗണ്‍സിലറും കുടുംബാഗങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവായ നഗരസഭാ കൗണ്‍സിലര്‍ ബിന്ദു അലക്സും കുടുംബാംഗങ്ങളുമാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി പതിച്ച് വാങ്ങിയത്.
2013 വരെയും ഭൂമിയുടെ നികുതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നല്‍കിവരുന്നത്. ഈ സ്ഥലമാണ് പതിച്ചെടുത്തത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്ന് ആലുവയില്‍ ചേര്‍ന്ന ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. രാജന് അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രമണന് ചേലക്കുന്ന്, ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രന്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ട്രഷറര്‍ ശശി തുരുത്ത്, സഹദേവന് കുന്നത്തേരി എന്നിവര്‍ പ്രസംഗിച്ചു.
ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വക റെയില്വേസ്റ്റേഷന് റോഡില്‍ ഒമ്പത് സെന്റ് സ്ഥലവും കെട്ടിടവും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയുംനഗരസഭാ കൗണ്‍സിലറും കുടുംബവും ഭരണസ്വാധീനം ഉപയോഗിച്ച് പതിച്ചെടുത്ത നടപടിയില്‍ ബിജെപി ടൗണ്‍ കമ്മറ്റി പ്രതിഷേധിച്ചു. ക്ഷേത്രഭൂമിയും ദേവസ്വം സ്ഥലവും കയ്യേറുവാനും പതിച്ച് എടുക്കുവാനുമുള്ള ശ്രമം അപലപനീയമാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുകൊടുത്ത ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയും പട്ടയം അടിയന്തരമായി റദ്ദുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ടൗണ്‍ പ്രസിഡന്റ് എ.സി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് ജി. ഷേണായ്, എം.ജി. വേണുഗോപാല്‍, ശ്രീനാഥ് നായക്, സഞ്ജീവ് കമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: