കൊച്ചി: കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര സഹായമായി 5.35 കോടി രൂപ അനുവദിക്കണമെന്ന് ജില്ല ഭരണകൂടം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിക്കാണ്. കേടുപാടുണ്ടായ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 25 ലക്ഷവും മറ്റ് ചെലവുകള്‍ക്കായി പത്തു ലക്ഷം രൂപയും അനുവദിക്കണമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയും ജില്ല കളക്ടര്‍മാരുമായി ഇന്നലെ രാവിലെ നടത്തിയ വിഡീയോ കോണ്‍ഫറന്‍സിലാണ് എറണാകുളം ജില്ലയിലെ നാശനഷ്ടം കളക്ടര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
വിവിധ താലൂക്കുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഇതുവരെയുള്ള നാശനഷ്ടം 1.47 കോടി രൂപയോളം വരും. ഏഴ് വീടുകള്‍ പൂര്‍ണമായും 222 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 38.4 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14.7 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശമുണ്ടായി. 116.4 ലക്ഷം രൂപയുടെ വിളനാശമാണ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ഇബിയുടെ വസ്തുവകകള്‍ക്കുണ്ടായ നാശം 80,000 രൂപയാണ്. എട്ട് കിണറുകള്‍ ഇടിഞ്ഞു താണു. മൂവാറ്റുപുഴ താലൂക്കില്‍ രണ്ടു പേരും ആലുവയില്‍ ഒരാളും മരിച്ചു.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്ത്തിക്കുന്നതെന്നുംകളക്ടര് മുഖ്യമന്ത്രിയെ അറിയിച്ചു. ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും സമാശ്വാസ സഹായധനമായി രണ്ടായിരം രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന് ഒരു ലക്ഷം രൂപയും നല്കി. കടല്‍ഭിത്തി നിര്‍മാണം തടസപ്പെട്ടിരിക്കുന്ന ചെല്ലാനത്ത് കടലാക്രമണം പ്രതിരോധിക്കാന്‍ മണല്‍ചാക്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും സജ്ജമാണ്. കളക്ടറേറ്റിലെ ദുരന്ത നിവാരണ സെല്ലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രകൃതിക്ഷോഭത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുമുള്ള സഹായധനം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ അടിയന്തിരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടപ്പള്ളി – അരൂര്‍ ദേശീയപാതയിലെ ജംഗ്ഷനുകളില്‍ റോഡിലെ കുഴികള്‍ മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന് സ്വമേധയാ സ്വീകരിക്കാവുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും 24 മണിക്കൂറും രംഗത്തുണ്ടാകണം. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും അടിയന്തിര ഇടപെടലിനുമായി സര്‍ക്കാരുമായി ഏതു സമയത്തും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി സിറ്റി പോലീസ് ചീഫ് കെ.ജി. ജയിംസ്, റൂറല്‍ പോലീസ് ചീഫ് സതീഷ് ബിനോ, ഡെപ്യൂട്ടി കളക്ടര്‍ പി.വി.പൗളിന്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: