പെരുന്ന: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് രംഗത്തെത്തി. സര്‍ക്കാരിന്റെ ‘കരുതലും, വികസനവും’ എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടിക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
ഭരണത്തിലെ കരുതല്‍ ലക്ഷ്യം മുഖ്യമന്ത്രിഉമ്മന്ചാണ്ടിക്കു വേണ്ടിയും വികസനം ന്യൂനപക്ഷങ്ങള്‍ക്കും മാത്രമുള്ളതാണ്. ഭൂരിപക്ഷ വിഭാഗത്തിന് അര്‍ഹമായ നീതി നിഷേധിക്കുന്ന രാഷ്ട്രീയ സാഹചര്യം കൂടുതല്‍ പ്രത്യക്ഷമായിരിക്കുകയാണ്. ഭൂരിപക്ഷ വിഭാഗം സംഘടിതരല്ലെന്ന കണക്കൂട്ടലില്‍ ഭരണരംഗത്തെ ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ഭരണാധികാരികള്‍ കീഴടങ്ങുകയാണ്. കേരളത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയത ഉടലെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിന് മാത്രമാണ്. വിഭാഗീയത ഉണ്ടാകരുതെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. ഭൂരിപക്ഷ ജനവിഭാഗത്തെ പാടേ മറന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരിക്കൊടുത്തു. ഈ വസ്തുതകള്‍ എന്‍എസ്എസ് വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കെണ്ടിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. ഈ ഭരണത്തില്‍ ഒരു സുതാര്യതയുമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെയാളില്ല. ഇവിടെ ഒരു ഭരണമുണ്ടോ? എന്‍എസ്എസ് ജനല്‍ സെക്രട്ടറി ചോദിച്ചു.
ഭരണത്തിന്റെ നേതൃസ്ഥാനത്ത് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വേണമെന്ന ആവശ്യം എന്‍എസ്എസ് ഉന്നയിച്ചത് സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാരവടംവലിയുമാണ് അതിന് തടസ്സമായത്. ധാരണ പ്രകാരം കെ.പി.സി.സി പ്രസിഡന്റിനെ ഭരണ നേതൃത്വത്തിലെടുക്കുന്നതില് മുഖ്യമന്ത്രിക്കുള്ള അസഹിഷ്ണുതയാണ് യുഡിഎഫിനെ ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ് സംസ്ഥാന നേതൃത്വം അട്ടിമറിച്ചു. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും നടപടി സ്വീകരിച്ചില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
ഈ വസ്തുതകള്‍ തുറന്നു പറഞ്ഞ എന്‍എസ്എസ് നേതൃത്വത്തെ ‘അങ്ങനെയൊരു ധാരണെയേ ഇല്ല’ എന്നു പറഞ്ഞ് അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു പോലെ നേതൃത്വം നല്കുന്ന രാഷ്ട്രീയ നാടകമാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇരുവരെയും വിശ്വസിക്കാന്‍ കൊള്ളില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസിെന്റ 99-ാമത് ബജറ്റ് ബജറ്റ് പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയവും വിമര്ശിക്കശപ്പട്ടിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും തുടര്‍ന്നുണ്ടാക്കിയ അദ്ധ്യാപക പാക്കേജും നടപ്പിലാകാതെ അവ്യക്തമായി തുടരുകയാണ്. സ്കൂള്‍ വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായി അദ്ധ്യാപക ബാങ്ക് രൂപീകരിച്ച് മാനേജ്മെന്റുകളുടെ നിയമനാധികാരവും ഭരണാധികാരവും കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. ഇത് എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: