പെരുമ്പാവൂര്‍: തെക്കെ എഴിപ്രം ഹയര്‍സെക്കന്ററിസ്കൂളിലെ പ്രധാനഅധ്യാപകനായ ഇടത്തല കുഞ്ചാട്ടുകര സ്വദേശി കെ.ആര്.പവിത്രനെ ചുമതലയേറ്റ് മൂന്നാം നാള് സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി മുസ്ലീം ലീഗിന്റെ രാഷ്ട്രീയക്കളിമൂലമാണെന്ന് ആരോപണം ശക്തമാകുന്നു. കഴിഞ്ഞ 14ന് ഇവിടെ ചുമതലയേറ്റ ഇദ്ദേഹത്തെ ഭരണപരമായ സൗകര്യം എന്ന പേരില്‍ കോംഗ്ങ്ങോര്പ്പിള്ളി എന്ന സ്ഥലത്തെ വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് 17ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. മറ്റൊരദ്ധ്യാപകരെയും ഇത്തരത്തില്‍ മാറ്റാതെ ഇദ്ദേഹത്തെ മാത്രം സ്ഥലം മാറ്റിയത് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലീംലീഗിന്റെ രാഷ്ട്രീയക്കളിയാണെന്നാണ് രക്ഷകര്‍ത്താക്കളും നാട്ടുകാരും പറയുന്നത്.
ഇതേ സ്കൂളിലെ തന്നെ ഉന്നത പദവിയിലുള്ള ഒരുദ്യോഗസ്ഥയുടെ ഭര്‍ത്താവ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ പിറ്റിഎ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇദ്ദേഹം ഒരു ലീഗ് മന്ത്രിയുടെ ഗണ്‍മാനാണ്. തുടര്‍ന്ന് സംഘടനയില്‍പ്പെടാത്ത ആരും സ്കൂളിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന് തീരുമാനവും എടുത്തു. മാതൃകാപരമായ രീതിയില്‍ അധ്യാപക ജോലിചെയ്യുന്ന പവിത്രനെ പോലുള്ളവര്‍ പ്രധാന അധ്യാപകസ്ഥാനത്ത് വന്നാല്‍ ഉദ്യോഗസ്ഥക്കും ഭര്‍ത്താവിനും ബുദ്ധിമുട്ടാകും. അതിനാല്‍ മുസ്ലീം ലീഗിന്റെ ഉന്നത നേതൃത്വവുമായി നല്ല ബന്ധമുള്ള ഇദ്ദേഹം ഇടപെട്ട് പ്രധാന അധ്യാപകനെ മാറ്റിക്കുകയായിരുന്നുവെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. ഇതിനു മുമ്പ് കോഴിക്കോട് സ്വദേശിയായ സതീഷ് എന്ന അധ്യാപകനെയും ഇതേപോലെ സ്ഥലം മാറ്റിക്കുകയായിരുന്നുവത്രെ.
എന്നാല്‍ കഴിഞ്ഞ 12 വര്‍ഷക്കാലം ഇതേ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ആളാണ് സ്ഥലം മാറ്റിയ പ്രധാന അധ്യാപകന്. ഇദ്ദേഹം സ്കൂളില്‍ വന്നശേഷമാണ് ശരാശരിക്ക് താഴെമാത്രം വിജയം നേടിയിരുന്ന ഏഴിപ്രം ഹയര്‍സെക്കന്ററി സ്കൂളില്‍ 2004 മുതല്‍ നൂറ് ശതമാനം വിജയം കരസ്ഥമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ പരാധീനതകളില്‍പ്പെട്ട് സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് എത്തിച്ച അധ്യാപകനെയാണ് യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ അഞ്ച് സ്മാര്‍ട്ട് സ്കൂളുകളില്‍ ഒന്നായി ഏഴിപ്രം സ്കൂള്‍ മാറിയതിനും നിരവധി പുരസ്കാരങ്ങള്‍ നേടുന്നതിനും ഈ അധ്യാപകനാണ് പ്രയത്നിച്ചത്. ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വീട്ടിലെത്താവുന്ന സ്കൂളില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലത്തെക്കാണ് ഹരിജന്‍ സമാജത്തില്‍പ്പെട്ട ഈ അധ്യാപകനെ സ്ഥലം മാറ്റിയിരിക്കുന്നത്. അനാവശ്യമായ സ്ഥലം മാറ്റം പിന്‍വലിച്ച് കെ.ആര്.പവിത്രനെ തെക്കെ ഏഴിപ്രം സ്കൂളില്‍ തിരികെ നിയമിക്കണമെന്ന് പിടിഎ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: