തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പതിനായിരം കോടി രൂപയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന പ്രസ്താവന ചീഫ് വിപ്പ് പി.സി ജോര്‍ജ് നിഷേധിച്ചു. താന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനര്‍ട്ടിന്റെ അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ വലിയ തട്ടിപ്പു നടക്കുമായിരുന്നു എന്നതാണ് താന്‍ പറഞ്ഞത്. തന്റെ വാക്കുകള്‍ പറഞ്ഞ് സഭ തടസപ്പെടുത്തുന്നതില്‍നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിഎസിന്റെ സെക്യൂരിറ്റി സ്റ്റാഫിലെ സിജു എന്ന പോലീസുകാരന് തട്ടിപ്പില്‍ പങ്കുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പ്രതിപക്ഷ നേതാവിന് അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു.
വലിയ ഇടപാടുകളാണ് സിജു നടത്തിയിട്ടുള്ളത്. ഇയാള്‍ക്കെതിരേ പരാതി നല്‍കും. വഴുതയ്‌ക്കാട് ക്രെഡിറ്റ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപം നടത്തിയത് സരിതയാണ്. ഇവര്‍ക്ക് വലിയ രീതിയില്‍ പിന്തുണ നല്‍കിയത് സിജുവാണെന്നും ജോര്‍ജ് ആരോപിച്ചു. ഒരു എഡിജിപിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍ സരിത വന്നിരുന്നു. അതിനെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും ജോര്‍ജ് പറഞ്ഞു നിയമസഭയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം കേള്‍ക്കാവുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇത് വരും തലമുറയ്‌ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അതുകൊണ്ടുതന്നെ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: