കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ ഏഴ് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചയ്ക്കകം കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖേന ഡി.എം.ര്‍.സിക്ക് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച് ഉടമകളുമായി ഇന്നലെ രാത്രി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഭൂമി കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. ധാരണയിലെത്തിയ വിലയുടെ 80 ശതമാനം ഉടനെ നല്‍കിയാണ് ഭൂമി ഏറ്റെടുക്കുക. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന് വിധേയമായി കൈമാറും.
അമ്പാട്ടുകാവ്, മുട്ടം, കൊച്ചി സര്‍വകലാശാല (കുസാറ്റ്), ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക്, കലൂര്‍, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെ സ്ഥലമാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഡി.എം.ആര്.സിക്ക് കൈമാറുന്നത്. ഇതില്‍ കലൂര്‍ ഒഴികെ മേറ്റ്ല്ലായിടത്തും സ്ഥലവില സംബന്ധിച്ച് ഉടമകള്‍ കളക്ടറുമായി ധാരണയിലെത്തി. കൂടിയ നിരക്ക് ആവശ്യപ്പെട്ട കലൂരില്‍ പൊന്നുംവില നടപടിയിലൂടെ അടിസ്ഥാനവില കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കലിന് 4(1) വിജ്ഞാപനം പുറപ്പെടുവിച്ച പത്തിടങ്ങളില്‍ രണ്ട് സ്റ്റേഷനുകളുടെയും ഒരു കോറിഡോറിന്റെയും നടപടികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുളിഞ്ചോട്, എളംകുളം സ്റ്റേഷനുകള്‍ക്കും എം.ജി റോഡ് വടക്കേയറ്റത്തെ കോറിഡോറിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ് പിള്ള അറിയിച്ചു. മുട്ടം യാര്‍ഡ് നിര്‍മാണത്തിനായി ഡി.എം.ആര്.സി ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ട പതിനെട്ട് ഏക്കര്‍ സ്ഥലവും ഉടനെ കൈമാറും. ഈ ഭൂമിയുടെ മുന്‍കൂര്‍ കൈവശാവകാശം ജില്ല ഭരണകൂടത്തിന് കൈമാറാന്‍ ഉടമകള്‍ സന്നദ്ധരായതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഭൂമി വിട്ടുനല്‍കാമെന്ന് ഉടമകള്‍ കളക്ടറെ അറിയിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 24 ലക്ഷം രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. പൂണിത്തുറ വില്ലേജില്‍ പേട്ട, തൈക്കൂടം സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്വഭാവമനുസരിച്ച് 16.5 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. അമ്പാട്ടുകാവിലും മുട്ടത്തും സെന്റിന് 17 ലക്ഷമാണ് നിരക്ക്. കുസാറ്റ് സ്റ്റേഷനായി ഏറ്റെടുക്കുന്ന പ്ലോട്ടുകള്‍ക്ക് 20 മുതല്‍ 21 ലക്ഷം വരെയാണ് ധാരണയിലെത്തിയിരിക്കുന്നത്. ഈ നിരക്കുകള്‍ സംബന്ധിച്ച് സ്ഥലമുടമകള്‍ ഇന്നലെ കളക്ടര്‍ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു.
കൊച്ചിയും കേരളവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കായി വിട്ടുവീഴ്ച ചെയ്ത സ്ഥലം ഉടമകളെ ജില്ല കളക്ടര്‍ അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍, ഓഫീസ് മാനേജര്‍ റാഫി, തഹസില്‍ദാര്‍മാരായ അനില്‍കുമാര്‍, തുളസീധരന്‍, തൃക്കാക്കര നോര്‍ത്ത്, പൂണിത്തുറ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരും സ്ഥലമുടമകളുമായി നടത്തിയ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: