ഭീകരവാദം നല്കുന്ന വേദനയും വികാരങ്ങളും അനുതാപത്തിനോ സഹതാപത്തിനോ തണുപ്പിക്കാനാവില്ല. അസ്വസ്ഥമായ മനസുകളോടെ അശാന്തിയോടെ ഹൃദയത്തില്‍ ഒരു ബോംബ് സ്പന്ദിക്കുന്നതുപോലെ ഭീകരവാദത്തിന്റെ ഇരകളാക്കപ്പെട്ട് ജീവിതം തള്ളിനീക്കുന്നവരുടെ മനസ് പിടയുകയാണ്. ആ പിടച്ചിലിനിടയിലും ചിലര്‍ അതിജീവനത്തിനായി പോരാടുന്നു. ഭീകരവാദത്തിന്റെ ദുരന്തഫലങ്ങളെ അതിജീവിച്ചവരുടെ വികാരങ്ങളും വേദനകളും ഒപ്പിയെടുത്ത ഒരു ഷോര്‍ട്ട് ഫിലിം തിരുവനന്തപുരത്ത് ആറാമത് രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ചര്‍ച്ചാവിഷയമായി. ഇരുപത്തിയാറ് വയസ് മാത്രം പ്രായമുള്ള ഗൗരി ഛദ്ദയെന്ന പെണ്‍കുട്ടിയുടെ ക്യാമറയാണ് ഭീകരവാദത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ചലച്ചിത്രമാക്കിയത്. ‘ഗവാ’എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ഇന്ത്യാ-പാകിസ്ഥാന് വിഭജനം മുതല്‍ മുബൈ ഭീകരാക്രമണങ്ങളും സ്ഫോടനപരമ്പരകളുംവരെയുള്ള സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ വികാരങ്ങളും വ്യഥകളും ഗൗരി ഛദ്ദ ലോകത്തിനു കാട്ടുന്നു.
വേറിട്ട വഴി തെരഞ്ഞെടുത്ത പെണ്‍കുട്ടിയാണ് ഗൗരി ഛദ്ദ. ഒരു സംവിധായകനോ സംവിധായികയ്ക്കോ സിനിമ വെറുമൊരു തൊഴില്‍ മാത്രമല്ലെന്നാണ് ഗൗരിയുടെ പക്ഷം; അതുപ്രതികരിക്കാനുള്ള ശക്തമായ ഒരു ഉപാധിയാണ്. മിഷന് ഇമ്പോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍, ഡേവിഡ്, ലൗവ് ബ്രേക്ക് അപ്പ് സിന്ദഗി, ഗാന്ധി ഓഫ് ദ മന്ത്, ഇഷ്ക് ആക്ച്വലി എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്ന ഗൗരിയുടെ പേരില്‍ ആറ് ഷോട്ട് ഫിലിമുകള്‍, ഒരു ഷോര്‍ട്ട് ഫീച്ചര്‍, ഒരു ഡോക്യുമെന്ററി എന്നിവയുണ്ട്. ആദ്യ ഷോട്ട് ഫിലിമായ ‘മൈ സീക്രട്ടി’ല്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയാണ് ഗൗരി പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള മനുഷ്യജീവിതത്തെ ആധാരമാക്കി ഒരു ചലച്ചിത്രം നിര്‍മിക്കുന്ന തിരക്കിനിടെയാണ് ഗൗരിയുടെ ‘ഗവാ’ തിരുവനന്തപുരത്തെ രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഗൗരി ഛദ്ദയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത് അവിചാരിതമായല്ല. ന്യൂദല്‍ഹിയില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന പ്രൊഫ. ഹരേഷ് ഡബ്ലിയു ഛദ്ദയുടെയും ഇന്റീരിയല്‍ ഡിസൈനറായ നന്ദിനി അഗര്‍വാളിന്റെയും മകളായ ഗൗരി മൂന്നാംവയസില്‍ ലണ്ടനിലെത്തി. 35 രാജ്യങ്ങളിലായി 260 നഗരങ്ങളില്‍ പര്യടനം നടത്തിയിട്ടുള്ള ഒരച്ഛന്റെ മകള്‍ക്ക് യാത്രകളോട് അഭിനിവേശമുണ്ടാവുക സ്വാഭാവികം. 13-ാം വയസില്‍ വിദ്യാഭ്യാസത്തിനായി സ്കോട്ട്ലണ്ടിലേക്ക്, അവിടെനിന്നും സ്വിറ്റ്സര്‍ലന്റിലേക്ക്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളുടെ ആരാധികയായി ഗൗരി മാറുന്നത് ഇവിടെ വച്ചാണ്. മിയാമി സര്‍വകലാശാലയില്‍ പഠനം. അവിടെനിന്നും ലണ്ടന്‍ ഈലിങ് സ്റ്റുഡിയോസിലെ മെറ്റ് ഫിലിം സ്കൂളിലേക്ക്. ഫിലിം ആന്റ് തിയേറ്റര്‍ പഠനം പൂര്‍ത്തിയാക്കി നേരേ സിനിമാ ലോകത്തേക്ക്.
രണ്ട് വര്‍ഷം മുമ്പാണ് ഗൗരി മുബൈയിലെത്തിയത്. ഗൗരി സ്വതന്ത്ര സംവിധായകയായതും ഇവിടെവച്ചാണ്. മുംബൈയിലെ ദിനങ്ങളാണ് ഗൗരിയെ ‘ഗവാ’ ഒരുക്കാന്‍ പ്രേരിപ്പിച്ചത്. ‘ഗവാ’ യുടെ പ്രമേയം കണ്ടെത്തിയശേഷം ഭീകരവാദത്തിന്റെ ഇരകള്‍ ഗൗരിയെതേടിയെത്തിയ സന്ദര്‍ഭവുമുണ്ടായി. 2011 ജൂലൈ 13ന് മുംബൈയില്‍ സ്ഫോടനപരമ്പര നടന്നപ്പോള്‍ ഗൗരി മുംബൈയിലുണ്ടായിരുന്നു. ആ ദുരന്തത്തിന്റെ ഭീകരത നേരിട്ടു കണ്ടത് ഒരിക്കലും മനസില്‍നിന്നും മായില്ലെന്ന് ഗൗരി സാക്ഷ്യപ്പെടുത്തുന്നു. ‘ഗവാ’യ്ക്കുവേണ്ടി അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്താനായി ഗൗരി സമീപിച്ചത് മുപ്പതിലധികംപേരെയാണ്. പക്ഷേ നേരിട്ടനുഭവിച്ച ദുരന്ത തീവ്രത ഒരിക്കല്‍കൂടി മനസിലേക്കാവാഹിക്കാന്‍ പലരും തയ്യാറായിരുന്നില്ല. ഒരുപാട് പ്രയത്നത്തിനുശേഷം എട്ടുപേരെ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ പകര്‍ത്തി. ആ നിമിഷങ്ങള്‍ അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ദൃശ്യവത്കരിക്കുകയെന്നത് മാനസികമായി വിഷമിപ്പിച്ച ഘട്ടംകൂടിയായിരുന്നുവെന്ന് ഗൗരി പറയുന്നു. ജൂലൈ 13 ലെ ബോംബ് സ്ഫോടനത്തില്‍ സഹപ്രവര്‍ത്തകനായ കിഷനെ നഷ്ടപ്പെട്ട ധര്‍മിന്ദറിന്റെ അനുഭവം ചിത്രീകരിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് ഗൗരി പറയുന്നു. സ്ഫോടനം നടന്ന് രണ്ടുദിവസം കഴിഞ്ഞയുടനെയാണ് ധര്‍മിന്ദര്‍ ക്യാമറയ്ക്കുമുന്നില്‍ വരുന്നത്. ഉടലില്‍നിന്നും കഴുത്ത് വേര്‍പ്പെട്ട സഹപ്രവര്‍ത്തകനെക്കുറിച്ചും അയാളുടെ ഏഴ് വയസുള്ള മകനെയും രോഗിയായ മാതാപിതാക്കളെയും കുറിച്ചുമുള്ള ധര്‍മിന്ദറിന്റെ വാക്കുകള്‍ ‘ഗവാ’യുടെ മുഴുവന്‍ ടീമിനെയും മാനസികമായി പിടിച്ചുലച്ചു. ഏറെ ദിവസങ്ങള്‍ ധര്‍മിന്ദറിന്റെ മുഖവും വാക്കുകളും തന്നെ പിന്തുടര്‍ന്നുവെന്ന് ഗൗരി പറയുന്നു.
‘ഗവാ’ പ്രദര്‍ശിപ്പിക്കുന്ന എല്ലായിടത്തും ‘ഗവാ’യുടെ പോസ്റ്ററുകളിലുണ്ടാക്കിയ ‘ബുള്ളറ്റ് സ്പോട്ടില്‍’ പ്രേക്ഷകരെകൊണ്ട് വര്‍ണച്ചരട് ബന്ധിച്ച് തീവ്രവാദത്തിനെതിരായ പ്രചാരണത്തിനിറങ്ങുകയായിരുന്നു ഗൗരി. തീവ്രവാദത്തിന് മുന്നില്‍ ഭാരതീയര്‍ തളരാന്‍ പാടില്ലെന്നും ഐക്യമാണ് ആയുധമെന്നും പ്രചരിപ്പിക്കുകയാണ് ഗൗരി. ലോകചരിത്രത്തില്‍ എല്ലായിടത്തും ഭീകരവാദവും ആക്രമണങ്ങളുമുണ്ട്. കൂടെയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് എന്ത് നേടുന്നുവെന്ന് തീവ്രവാദത്തിലേക്ക് കാല്‍വയ്ക്കുന്ന ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ സംസ്കാരം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് ഓരോരുത്തരും ഓര്‍മിക്കണം. അതിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ‘ഗവാ’, ഗൗരി പറയുന്നു.
ചുരുങ്ങിയകാലംകൊണ്ട് തന്നെ ഗൗരിയുടെ ‘ഗവാ’ എന്ന ഷോട്ട് ഫിലിം നിരവധി ബഹുമതികള്‍ സ്വന്തമാക്കി കഴിഞ്ഞു. ലോസ് ആഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് പ്രൊഡ്യൂസര്‍ അവാര്‍ഡ്, അരിസോണ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡോക്യുമെന്ററി അവാര്‍ഡ്, കാലിഫോര്‍ണിയയിലെ ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഷോര്‍ട്ട്സ് അവാര്‍ഡും അവാര്‍ഡ് ഓഫ് എക്സലന്‍സും നേടിയ ‘ഗവാ’ ഭോപ്പാല്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡോക്യുമെന്ററി ഫിലിം അവാര്‍ഡും നേടി. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനം, നോയിഡയിലെ ദാദാസാഹബ്ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം, കാലിഫോര്‍ണിയയിലെ തേര്‍ഡ് വേള്‍ഡ് ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന് തുടങ്ങിയ അംഗീകാരങ്ങളും ‘ഗവാ’ യെ തേടിയെത്തി.
ഒരു സംവിധായിക എന്നനിലയില്‍ ഗൗരിയുടെ ലക്ഷ്യമെന്തെന്ന് ചോദിച്ചാല്‍ മറുപടി ഉടനെയെത്തും. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ സന്ദേശം ഒരാളിലെങ്കിലുമെത്തിക്കുന്ന വര്‍ക്കുകള്‍ ചെയ്യണം. ഒരു സംവിധായികയെന്നനിലയില്‍ അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ചുള്ള ഗൗരിയുടെ വിശദീകരണം ഇങ്ങനെ. “എന്റെ എല്ലാ ചിത്രങ്ങളിലും കുട്ടികള്‍ കഥാപാത്രങ്ങളാണ്. അവരിലുള്ള നിഷ്കളങ്കതയും സത്യസന്ധതയും പകര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാറില്ല. അവരെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിക്കുക എന്നതാണ് ഏറ്റവും വിഷമകരവും രസകരവും”.
ആദ്യമായി കേരളത്തിലെത്തിയ ഗൗരി ഛദ്ദയ്ക്ക് മലയാളി പ്രേക്ഷകരെ ശരിക്കും ബോധിച്ചു. ഇത്രയും മികച്ച പ്രേക്ഷകരെ തനിക്കൊരിടത്തും കാണാനായിട്ടില്ലെന്ന് ഗൗരി പറയുന്നു, അച്ചടക്കത്തോടെ ബൗദ്ധികമായി സിനിമയെ സമീപിക്കുന്ന മലയാളികള്‍ നല്ല വിമര്‍ശകരുമാണ്. ആദ്യ നിയോ റിയാലിസ്റ്റിക്ക് ചിത്രമായ ന്യൂസ്പേപ്പര്‍ ബോയി കാണണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്ന ഗൗരിഛദ്ദയ്ക്ക് മറ്റൊരാഗ്രഹം കൂടിയുണ്ട്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ദര്‍ശിക്കണം.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: